ന്യൂഡൽഹി: ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കെത്തി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്. യുക്രെയ്‌ൻ യുദ്ധവും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വർധിച്ചുവരുന്ന ചൈനീസ് സ്വാധീനവും മൂലം ജര്‍മനിയുടെ സമ്പദ് വ്യവസ്ഥ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഒലാഫ് ന്യൂഡൽഹി സന്ദർശിക്കുന്നത്.
ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയുമായി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ജര്‍മനി ഒരുങ്ങുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഒലാഫ് ന്യൂ ഡൽഹിയിലെത്തിയത്. തന്ത്രപരമായ പ്രാധാന്യമുള്ള മേഖലകളിൽ നമ്മൾ ഏകപക്ഷീയമായ ആശ്രിതത്വങ്ങൾ ഒഴിവാക്കണമെന്ന് ജർമ്മൻ ബിസിനസിന്‍റെ 16-ാമത് ഏഷ്യ പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ഒലാഫ് ഷോൾസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യാവസായിക ഭീമനായി വളര്‍ന്ന ചൈന, വികസ്വര രാജ്യത്തിന്‍റെ പ്രത്യേക പരിഗണന ഉപേക്ഷിക്കണമെന്നും ഒലാഫ് ആവശ്യപ്പെട്ടു. 'കൊറിയൻ പെനിൻസുല, തെക്ക്, കിഴക്കൻ ചൈനാ കടൽ എന്നിവയെല്ലാം സംഘർഷ സാധ്യതകളുടെ ഫ്ലാഷ് പോയിന്‍റുകളായി തുടരുകയാണ്. ഈ സംഘർഷങ്ങൾക്ക് രാഷ്‌ട്രീയ പരിഹാരങ്ങൾ കൊണ്ടുവരാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാം. അന്താരാഷ്‌ട്ര നിയമത്തെയും യുഎൻ ചാർട്ടറിന്‍റെ തത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് വേണ്ടത്.'
യുക്രെയ്‌നിനെതിരെ നിയമ വിരുദ്ധമായി നടത്തുന്ന യുദ്ധത്തിൽ റഷ്യ വിജയിക്കുകയാണെങ്കിൽ യൂറോപ്പിന്‍റെ അതിരുകൾക്കപ്പുറമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്‍റെ മറ്റൊരു സ്ഥിര സ്രോതസ്സായി പശ്ചിമേഷ്യ നിലകൊള്ളുന്നുവെന്നും ഒലാഫ് പറഞ്ഞു.
Also Read: അതിര്‍ത്തിയിലെ സംഘര്‍ഷം അയയുന്നു; സൈനിക പിന്‍മാറ്റം തുടങ്ങി ഇന്ത്യയും ചൈനയും