റൂർക്കേല : സർക്കാർ ഉടമസ്ഥതയിലുള്ള സെയിലിന്‍റെ സുന്ദർഗഡിലുള്ള റൂർക്കേല സ്റ്റീൽ പ്ലാന്‍റിൽ വാതക ചോർച്ച. വാതകചോർച്ചയെ തുടർന്ന് 9 ചികിത്സയിൽ. സ്‌റ്റീൽ പ്ലാന്‍റിന്‍റെ അഞ്ചാം നമ്പർ ബ്ലാസ്‌റ്റ് ഫർണസിലാണ് വാതകചോർച്ചയുണ്ടായത്. ബാധിക്കപ്പെട്ട 9 പേരെ ഉടൻ തന്നെ ഇസ്‌പാത്ത് ജനറൽ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലുള്ളവരിൽ ഒരു എക്‌സിക്യൂട്ടീവും സീനിയർ സൂപ്പർവൈസറും മറ്റൊരു ആർഎസ്‌പി ജീവനക്കാരനും ചില ഔട്ട്‌സോഴ്‌സ് ജീവനക്കാരും ഉൾപ്പെടുന്നു.
ഇന്ന് രാവിലെ 10.15നായിരുന്നു റൂർക്കേല സ്‌റ്റീൽ പ്ലാന്‍റിലെ ചൂളയിൽ വാതക ചോർച്ചയുണ്ടായത്. അസുഖ ബാധിതരായവരിൽ 3 സ്ഥിരം തൊഴിലാളികളും 6 താത്‌കാലിക തൊഴിലാളികളുമാണ് ഉള്ളത്. ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡെപ്യൂട്ടി ഡയറക്‌ടറും അസിസ്‌റ്റന്‍റെ ഡയറക്‌ടറും ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ 9 പേരിൽ ഒരാളെ ഓക്‌സിജൻ നൽകിയ ശേഷം ഡിസ്‌ചാർജ് ചെയ്‌തു. ബാക്കി എട്ടിൽ തൊഴിലാളികളിൽ ഏഴ് തൊഴിലാളികൾ ഐസിയുവിലായിരുന്നു. ഒരു തൊഴിലാളിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഫാക്‌ടറീസ് ആൻഡ് ബെയ്‌ലേഴ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ ബിഭു പ്രസാദ് പറഞ്ഞു.
സംഭവം അപൂർവവും ദൗർഭാഗ്യകരവുമായ സംഭവമാണെന്ന് തൊഴിൽ, സംസ്ഥാന ഇൻഷുറൻസ് മന്ത്രി ഗണേശ്റാം സിങ് ഖുന്തിയ പറഞ്ഞു. സംഭവത്തിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, ഗ്യാസ് പൈപ്പ് കണക്ഷനുള്ള ജോലികൾ നടക്കുന്നതിനിടെയാണ് സംഭവമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.