അസം: എല്ലാകാലത്തും രാജ്യത്ത് ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റം. രാജ്യത്തെ അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ബംഗ്ലാദേശ് ജനത അധികമായി കുടിയേറ്റം നടത്തുന്നത് ( Infiltration From Bangladesh Into India).
ബംഗ്ലാദേശുമായി സൗഹൃദ ബന്ധം സൂക്ഷിക്കുന്ന ഇന്ത്യക്ക് രാജ്യത്തേക്കുള്ള നുഴഞ്ഞു കയറ്റം ഇന്നും ഒരു തലവേദനയായി തുടരുകയാണ്. ഇതിനെതിരെ ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. നിലവിൽ അനധികൃത നുഴഞ്ഞുകയറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് രാജ്യത്തനു മുന്നിലുള്ളത്. മനുഷ്യരുടെ കുടിയേറ്റത്തിനു പുറമെ കന്നുകാലികളെ കടത്തുന്നെന്ന പരാതിയും ഏറെക്കാലമായി നിലനിൽക്കുന്നു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞു കയറ്റക്കാർക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നതിന് അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ഇന്ത്യ-ബംഗ്ലാ അതിർത്തിയിലെ നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വൈറലായതോടെ രാജ്യ സുരക്ഷ സംബന്ധിച്ച് രാജ്യത്ത് വീണ്ടും വലിയ ആശങ്കയ്ക്ക് വഴി വച്ചിരുന്നു. വീഡിയോ പുറത്തായതോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങളും ഉയർന്നിരുന്നു.
അസമിലെ ധുബ്രി ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നുള്ള ഈ വീഡിയോ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. അതിർത്തിയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇല്ലാത്ത നേരത്ത് എങ്ങനെയാണ് സാധാരണക്കാർ അതിർത്തി കടന്നെത്തിയതെന്ന് വീഡിയോയിൽ കാണാം. ബംഗ്ലാദേശിൽ നിന്ന് ട്രാക്‌ടറുകൾ അടക്കം ഇന്ത്യയിലേക്ക് എത്തുന്നു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല എന്നതാണ് മറ്റൊരു പ്രധാന വിഷയം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിയന്ത്രണമില്ലാത്ത സ്വതന്ത്ര സഞ്ചാരം സാധ്യമാകുന്നതെങ്ങനെയെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. അതേസമയം രാജ്യ സുരക്ഷ ഉറപ്പാകുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇതോടെ രാജ്യസുരക്ഷ സംബന്ധിച്ചുള്ള യഥാർത്ഥ ചിത്രമാണ് പുറത്താവുന്നത്.
അതിർത്തി കവാടങ്ങൾ തുറന്ന് കുടിയേറ്റക്കാർ രാജ്യത്തേക്ക് എത്തുന്നത് എന്തുകൊണ്ടാണ് ഗൗരവമായി എടുക്കാത്തത് എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. 4,096.7 കിലോമീറ്ററോളമാണ് ബംഗ്ലാദേശുമായി ഇന്ത്യ അതിർത്തി പങ്കിടുന്നത്. ഇതിൽ അസമിൽ 262 കിലോമീറ്റർ, ത്രിപുരയിൽ 856 കിലോമീറ്റർ, മിസോറാമിൽ 318 കിലോമീറ്റർ, മേഘാലയയിൽ 443 കിലോമീറ്റർ, പശ്ചിമ ബംഗാളിൽ 2,217 കിലോമീറ്റർ എന്നിങ്ങനെയാണ് കണക്ക്. മൊത്തം അതിർത്തിയുടെ 3,180.653 കിലോമീറ്ററിൽ ഇതിനകം മുള്ളുകമ്പി സ്ഥാപിച്ചിട്ടുണ്ട്, ശേഷിക്കുന്ന 916.7 കിലോമീറ്ററിൽ വേലി കെട്ടൽ 2024-ഓടെ പൂർത്തിയാകും. എന്നാൽ വേലി കെട്ടി പൂർത്തിയായാലും എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഈ വീഡിയോ വൈറലാകുമ്പോൾ നിലനിൽക്കുന്നത്.