ന്യൂഡല്‍ഹി : 75 -ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യൻ സൈനികര്‍ക്കൊപ്പം പരേഡ് നടത്തി ഫ്രാൻസിൽ നിന്നുള്ള 95 അംഗ മാർച്ചിങ് സംഘവും 33 അംഗ ബാൻഡ് സംഘവും. 2023 ലെ ബാസ്‌റ്റില്‍ ദിനത്തില്‍ പാരിസില്‍ ഇന്ത്യൻ സൈനികരും സൈനിക വിമാനങ്ങളും പരേഡ് നടത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഈ റിപ്പബ്ലിക് ദിനത്തില്‍ ഫ്രാൻസ് സൈനികരും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നു.
ക്യാപ്റ്റൻ ഖൂർദയാണ് ബാൻഡ് സംഘത്തിന് നേതൃത്വം നല്‍കിയത്. പിന്നാലെ ക്യാപ്റ്റൻ നോയലിന്‍റെ നേതൃത്വത്തിലുള്ള മാർച്ചിംഗ് സംഘവും ഉണ്ടായിരുന്നു. ക്യാപ്റ്റൻ നോയലിന്‍റെ നേതൃത്വത്തിലുള്ള 90 സേനാംഗങ്ങൾ അടങ്ങുന്ന ഫ്രഞ്ച് സൈന്യത്തിന്‍റെ രണ്ടാമത്തെ ഇൻഫൻട്രി റെജിമെന്‍റും പരേഡില്‍ പങ്കെടുത്തു. നാല് മാസത്തെ കഠിനമായ സെലക്ഷൻ ടെസ്‌റ്റുകൾ വിജയകരമായി പൂർത്തിയാക്കിയ സേനാംഗങ്ങൾക്ക് മാത്രം ധരിക്കാൻ കഴിയുന്ന പ്രശസ്‌തമായ 'വൈറ്റ് ക്യാപ്പ്' ആണ് സൈന്യം ധരിച്ചിരുന്നത്. മികച്ച സേനാംഗങ്ങൾ 'ബ്ലാക്ക് ക്യാപ്പ്' ആണ് ധരിച്ചിരുന്നത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണാണ് ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. 2023 ജൂലൈയില്‍ ഫ്രാൻസിലെ ദേശീയ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശിച്ചിരുന്നു. ഈ വർഷം ഇന്ത്യ ഫ്രാൻസ് സ്ട്രാറ്റജിക് പാർട്ടണർഷിപ്പിന്‍റെ 25 -ാം വാർഷികമാണ് ഇരു രാജ്യങ്ങളും ആഘോഷിക്കുന്നത്.
വ്യാഴാഴ്‌ച ജയ്‌പൂരിലെത്തിയ മാക്രോണിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു. അവിടെ വച്ച് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി, "ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ വേണ്ടിയുള്ള ചര്‍ച്ചകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടന്നത്. ഇരു നേതാക്കളും ആഗോള വിഷയങ്ങളുടെ വിശാലമായ വീക്ഷണങ്ങൾ കൈമാറിയെന്ന്" വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
ന്യൂഡൽഹിയിൽ നടക്കുന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് പങ്കെടുത്തത് അഭിമാനകരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മാക്രോണിന്‍റെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, നമ്മുടെ സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും ചരിത്രത്തിന് ഒരു സുപ്രധാന അധ്യായം ചേർക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായിലെ സിഒപി 28 ഉച്ചകോടി, ജി 20 നേതാക്കളുടെ ഉച്ചകോടി, ഹിരോഷിമയിലെ ജി 7 ഉച്ചകോടി എന്നിവയുൾപ്പെടെ വിവിധ ആഗോള പ്ലാറ്റ്‌ഫോമുകളിൽ പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് മാക്രോണും ഒന്നിച്ച് പങ്കെടുത്തിരുന്നു.
ഇത് ആറാം തവണയാണ് ഫ്രഞ്ച് നേതാവ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്. 1976-ൽ പ്രസിഡന്‍റ് ജാക്വസ് ചിറാകില്‍ നിന്നാണ് ഈ സൗഹൃദം ആരംഭിച്ചത്. തുടർന്ന് 1980-ൽ വലേരി ഗിസ്‌കാർഡ് ഡി എസ്‌റ്റൈഗും 2008-ൽ നിക്കോളാസ് സർക്കോസിയും 2016-ൽ ഫ്രാങ്കോയിസ് ഹോളണ്ടും റിപ്പബ്ലിക് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.
2023 ജൂലൈയിൽ ഫ്രാൻസിലെ ബാസ്റ്റിൽ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഈ സന്ദർശനത്തിലൂടെ ചാംപ്‌സ്-എലിസീസിൽ ഇന്ത്യൻ സായുധ സേനയുടെ ട്രൈ - സർവീസ് മാർച്ചും റഫേൽ ജെറ്റുകളുടെ അതിമനോഹരമായ ഫ്ലൈപാസ്റ്റും ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം പ്രദർശിപ്പിച്ചിരുന്നു.