ന്യൂഡൽഹി: വോട്ടർമാർക്ക് സൗജന്യമായി പോളിങ് ബൂത്തിൽ നിന്ന് വീടുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കി ഡൽഹി ചീഫ് ഇലക്‌ടറൽ ഓഫിസ്. ഇതുമായി ബന്ധപ്പെട്ട് ബൈക്ക് ടാക്‌സി കമ്പനിയായ റാപ്പിഡോയുമായി കരാറിൽ ഒപ്പുവെച്ച് ഡൽഹി സിഇഒ പി കൃഷ്‌ണമൂർത്തി. കമ്പനിയുമായുള്ള പങ്കാളിത്തത്തിന് കീഴിൽ, ഡൽഹിയിലെ എല്ലാ യോഗ്യരായ വോട്ടർമാർക്കും പോളിംഗ് ദിവസമായ മെയ് 25 ന് പോളിങ് ബൂത്തിൽ നിന്ന് അവരുടെ വീട്ടിലേക്ക് സൗജന്യ ബൈക്ക് യാത്രയ്ക്കുള്ള സൗകര്യം നൽകും.
വോട്ടെടുപ്പ് ദിവസം സൗജന്യ ബൈക്ക് സവാരി എന്ന ഓപ്ഷനിലൂടെ പൗരന്മാരെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡൽഹി ചീഫ് ഇലക്‌ടറൽ ഓഫീസർ പി കൃഷ്‌ണമൂർത്തി പറഞ്ഞു. ഇതുവഴി വോട്ടുചെയ്‌തുകൊണ്ട് ജനാധിപത്യ പ്രക്രിയയിൽ സംഭാവന നൽകുന്നതിനുള്ള ജനങ്ങളും അനുഭവം മികച്ചതാവുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വോട്ടും പ്രധാനമാണെന്നും യോഗ്യരായ എല്ലാ വോട്ടർമാരും യാതൊരു അസൗകര്യവും കൂടാതെ വോട്ട് ചെയ്യുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമായ ഡൽഹിയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും ബൈക്ക് യാത്രക്കാർക്കുള്ള സൗകര്യം ലഭ്യമാകും. വോട്ടെടുപ്പ് ദിവസം, ഡൽഹി വോട്ടർമാർക്ക് വോട്ടിങിന് ശേഷം റാപ്പിഡോ ആപ്പ് വഴി സൗജന്യ ബൈക്ക് സവാരി സൗകര്യം പ്രയോജനപ്പെടുത്താം. പോളിങ് സ്റ്റേഷനിൽ നിന്ന് വോട്ടര്‍മാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം റാപ്പിഡോ റൈഡർ ഏറ്റെടുക്കും.
ALSO READ: അരവിന്ദ് കെജ്‌രിവാള്‍ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി