ആഗ്ര: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുൽ ചഹാറിന്‍റെ പിതാവ് ദേശ്‌രാജ് ചഹാറിന്‍റെ കൈയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. മഗ്‌തായ് ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച കോളനിയിൽ ഒരു സ്വകാര്യ നിർമ്മാണ കമ്പനിയുടെ വീട് ബുക്ക് ചെയ്‌തതായി ക്രിക്കറ്റ് താരത്തിന്‍റെ പിതാവ് പറയുന്നു. ബുക്കിംഗിൽ പറഞ്ഞതുപോലെ 26.5 ലക്ഷം രൂപ കെട്ടിവച്ചിട്ടും വീട് രജിസ്റ്റർ ചെയ്‌ത് നല്‍കിയില്ലെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് സിറ്റി ഡിസിപി സൂരജ് റായിക്ക് പരാതി നൽകി.
മകൻ രാഹുൽ ചഹാറിന്‍റെ പേരിൽ വാങ്ങിയ വീടിന്‍റെ രജിസ്‌ട്രേഷനായി കെട്ടിട നിർമാണ കമ്പനിയുടെ ഓഫീസ് സന്ദർശിച്ചെങ്കിലും ബിൽഡറും ജീവനക്കാരും ഒരു മറുപടിയും നൽകിയില്ല. രജിസ്ട്രേഷൻ നടത്തുന്നതിന് പകരം വിൽപ്പന മേധാവി ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേക്കുറിച്ച് ഞങ്ങൾ ഡൽഹിയിലെ ലജ്‌പത് നഗറിലുള്ള കമ്പനിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
നിർമ്മാണത്തിലിരിക്കുന്ന വില്ലേജിലെ താമസസ്ഥലം ഇഷ്‌ടപ്പെട്ടതിനെ തുടർന്ന് 2012 ൽ 182 നമ്പർ വീട് ബുക്ക് ചെയ്‌തതായി ദേശ്‌രാജ് ചാഹർ പറഞ്ഞു. 10 വർഷമെടുത്താണ് കമ്പനി വീട് നിർമിച്ചത്. ഇക്കാലയളവിൽ വീടിന്‍റെ വിലയായി 26.50 ലക്ഷം രൂപ ഇയാളിൽ നിന്ന് കമ്പനി വാങ്ങിയിട്ടുണ്ട്.
പുതുതായി നിർമ്മിച്ച കോളനിയിൽ വീടുകൾ രജിസ്റ്റർ ചെയ്യാത്തതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് സിറ്റി ഡിസിപി സൂരജ് റായ് പറഞ്ഞു. തുടര്‍ന്ന് ജഗദീഷ്‌പുര പൊലീസ് സ്റ്റേഷനിൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസിപി ഹരിപ്വന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെളിവുകൾ ലഭിച്ചാലുടൻ കേസെടുത്ത് നടപടിയെടുക്കും.