കൊൽക്കത്ത : മിഡ്‌നാപൂരിലെ മഹിഷാദലിൽ തൃണമൂല്‍ കോണ്‍ഗ്രസ് മുൻ ഗ്രാമപഞ്ചായത്ത് അംഗം കൊല്ലപ്പെട്ടു. ബേട്ട്‌കുണ്ട് ഗ്രാമപഞ്ചായത്ത് മുൻ അംഗം ഷെയ്ഖ് മൊയ്‌ബുൾ ആണ് കൊല്ലപ്പെട്ടത്. പാർട്ടി പ്രവർത്തകനെ മോട്ടോർ സൈക്കിളിൽ ഇറക്കി, വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച ശേഷം മൃതദേഹം കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. മൊയ്‌ബുളിന്‍റെ മരണത്തിനുപിന്നാലെ തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരെ രംഗത്തെത്തി. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.
മൊയ്‌ബുൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ മഹിഷാദലിലെ ബ്ലോക്ക് ഹെൽത്ത് സെന്‍ററിലും തുടര്‍ന്ന് തംലുക്കിലെ താമ്രലിപ്‌ത മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബിജെപി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ വര്‍ധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകൾ മുതൽ കിഴക്കൻ മിഡ്‌നാപൂർ ജില്ലയിൽ അക്രമസംഭവങ്ങള്‍ ആരംഭിച്ചിരുന്നു. തംലുക്ക് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള മൊയ്‌നയിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
തംലുക്കിന് കീഴിലുള്ള ഹാൽദിയയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കൽക്കട്ട ഹൈക്കോടതി മുൻ ജഡ്‌ജിയുമായ അഭിജിത് ഗംഗോപാധ്യായ പോളിങ് ബൂത്തിൽ എത്തിയതിന് പിന്നാലെ സംഘർഷാവസ്ഥ ഉടലെടുത്തു. തൃണമൂൽ കോൺഗ്രസ് അനുഭാവികൾ അദ്ദേഹത്തെ തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
തുടർന്ന് തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകര്‍ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. എന്നിരുന്നാലും, കേന്ദ്ര സായുധ പൊലീസ് സേനയുടെ സമയോചിതമായ ഇടപെടൽ കാരണം സ്ഥിതിഗതികൾ വഷളായില്ല. അതേസമയം ജാർഗ്രാം ജില്ലയിൽ വെട്ടേറ്റ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. എന്നാല്‍, മരിച്ചയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടയാളാണോയെന്ന് വ്യക്തമല്ല.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് : പിഡിപി പോളിങ് ഏജൻ്റുമാരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മെഹബൂബ മുഫ്‌തി