ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മവാര്‍ഷികം. രാജ്യം കണ്ടതിൽവച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു രാജീവ് ഗാന്ധി. നാൽപതാം വയസിൽ അധികാരമേറ്റ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അമ്മ ഇന്ദിരാഗാന്ധി 48ാം വയസിലും മുത്തച്ഛൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു 58ാം വയസിലുമാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചത്.
ഒട്ടും താത്‌പര്യമില്ലാതെ രാഷ്‌ട്രീയത്തിലിറങ്ങേണ്ടിവന്ന രാജീവ് ഗാന്ധിയുടെ തുടക്കം ശ്രദ്ധേയമായിരുന്നു. പുതുതലമുറയുടെ കടന്നുവരവെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് വളരെ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. 1944 ഓഗസ്റ്റ് 20ന് ബോംബെയിലാണ് അദ്ദേഹത്തിന്‍റെ ജനനം. അദ്ദേഹത്തിന് മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇന്ത്യ സ്വാതന്ത്യം നേടിയതും മുത്തച്ഛൻ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.
ആ സമയം അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറ്റി. പിതാവ് ഫിറോസ് ഗാന്ധി അന്ന് എംപി ആവുകയും ചെയ്‌തു. മുത്തച്ഛനൊപ്പം തീൻമൂർത്തി ഹൗസിലായിരുന്നു അദ്ദേഹത്തിന്‍റെ ബാല്യകാലമേറെയും. ഡെറാഡൂണിലെ വെൽഹം പ്രേപിലെ സ്‌കൂളിൽ പഠിച്ച ശേഷം അദ്ദേഹത്തിന്‍റെ പഠനം ഹിമാലയൻ താഴ്‌വാരങ്ങളിലെ ഡൂൺ സ്‌കൂളിലേക്ക് മാറി. അനുജൻ സഞ്‌ജയ് കൂടെ പഠനത്തിനായി അവിടെയെത്തി. സ്‌കൂളിൽ രാജീവ് ഗാന്ധിക്ക് ചില ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചു.
സ്‌കൂൾ കാലഘട്ടത്തിന് ശേഷം കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളജിൽ തുടർപഠനത്തിന് ചേർന്നെങ്കിലും മെക്കാനിക്കൽ പഠനത്തിനായി പെട്ടന്ന് തന്നെ ലെൻ ഇമ്പീരിയർ കോളജിലേക്ക് അദ്ദേഹം മാറി. സംഗീതത്തോട് വളരെ താത്‌പര്യമുള്ള ആളായിരുന്നു രാജീവ് ഗാന്ധി. അതുപോലെതന്നെ ഫോട്ടോഗ്രഫിയും അമച്വർ റേഡിയോയും അദ്ദേഹത്തിന് പ്രിയപ്പെട്ട കാര്യങ്ങൾ തന്നെയായിരുന്നു.
വിമാന യാത്രകളെ അദ്ദേഹം വളരെ അധികം സ്‌നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ലണ്ടനിൽ നിന്ന് തന്‍റെ പഠനം പൂർത്തിയാക്കിയെത്തിയ അദ്ദേഹം ഡൽഹി ഫ്‌ളൈയിങ് ക്ലബിന്‍റെ പ്രവേശന പരീക്ഷ എഴുതി പാസായ ശേഷം കൊമേഷ്യൽ പൈലറ്റ് കോഴ്‌സ് പഠിക്കാൻ തീരുമാനിച്ചു. ശേഷം ആഭ്യന്തര വിമാന കമ്പനിയായ ഇന്ത്യൻ എയർലൈൻസിന്‍റെ പൈലറ്റായി അദ്ദേഹം ജോലിക്ക് ചേർന്നു.
കേംബ്രിഡ്‌ജിലെ പഠന കാലത്ത് കണ്ടുമുട്ടിയ സോണിയ മയ്‌നോവ എന്ന ഇറ്റാലിയൻ പെൺക്കുട്ടിയെ 1968ൽ അദ്ദേഹം വിവാഹം ചെയ്‌തു. രണ്ടു മക്കൾ പിറന്നു രാഹുലും, പ്രിയങ്കയും. മക്കൾക്കൊപ്പം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധിയുടെ വീട്ടിലായിരുന്നു ഇവരുടെ താമസം. 1980ൽ ഉണ്ടായൊരു വിമാന അപകടത്തിൽ അദ്ദേഹത്തിന്‍റെ സഹോദരൻ സഞ്‌ജയ് ഗാന്ധി മരിച്ചു. അനുജന്‍റെ മരണ ശേഷം രാഷ്‌ട്രീയത്തിൽ സജീവമാകാൻ അദ്ദേഹം നിർബന്ധിതനായി.
ഇതിന് പിന്നാലെ അമേഠിയിൽ തെരഞ്ഞെടുപ്പിനെ നേരിടാനും അദ്ദേഹം തയ്യാറായി. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു. അങ്ങനെ 1982 നവംബറിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളിയപ്പോൾ സ്‌റ്റേജുകളും സ്‌റ്റേഡിയങ്ങളും ഒരുക്കാനും നിർമാണത്തിന്‍റെ കാര്യങ്ങൾ യഥാസമയം പൂർത്തിയാക്കാനും അദ്ദേഹം പ്രവർത്തിച്ചു. അതോടൊപ്പം തന്നെ കോൺഗ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം പാർട്ടിക്ക് ഊർജം പകരാനും സംഘടന സംവിധാനം കുറ്റമറ്റതാക്കാനും വേണ്ടിയും പ്രവർത്തിച്ചു. 1984ൽ അമ്മ ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്‍റുമായി ഒരേസമയം ചുമതലയേൽക്കാൻ അദ്ദേഹം നിർബന്ധിതനായത്.