റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായിരുന്ന ചംപെയ് സോറൻ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്‌ച റാഞ്ചിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു ചംപെയ് സോറന്‍റെ ബിജെപി പ്രവേശനം. ആയിരക്കണക്കിന് അനുയായികൾക്കൊപ്പമാണ് ചംപെയ് സോറൻ പാർട്ടിയിൽ ചേർന്നത്.
ചംപെയ് സോറൻ്റെ മകൻ ബാബുലാൽ സോറനും ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചംപെയ് സോറൻ ബിജെപിയിലേക്ക് ചേരുന്ന വിവരം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയായിരുന്നു നേരത്തെ എക്‌സിലൂടെ സ്ഥിരീകരിച്ചത്.
നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ മന്ത്രിസഭയിൽ നിന്നും രാജിവച്ച ശേഷമായിരുന്നു ചംപെയ് സോറന്‍റെ കൂടുമാറ്റ പ്രഖ്യാപനം. സംസ്ഥാനത്തിൻ്റെ വികസനവും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം മൂലം അപകടത്തിലാകുന്ന ആദിവാസികളുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ചംപെയ് സോറൻ നേരത്തെ പ്രതികരിച്ചിരുന്നു.
ചംപെയ് സോറന്‍റെ ബിജെപി പ്രവേശനം നിരവധി വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സ്വതന്ത്ര എംപി പപ്പു യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ ചംപെയ് സോറന്‍റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖരെ ബിജെപി സ്വാധീനിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും വിമർശനമുയർത്തി.
Also Read:ചംപെയ് സോറന്‍റെ കൂടുമാറ്റം; 'ജാര്‍ഖണ്ഡില്‍ ബിജെപി സാന്നിധ്യം ശക്തിപ്പെടും': ബാബുലാല്‍ മറാണ്ടി