ന്യൂഡല്‍ഹി: തനിക്ക് ജമ്മുകശ്‌മീരില്‍ പോകാന്‍ ഭയമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍കുമാന്‍ ഷിന്‍ഡെ. എന്നാല്‍ ഇക്കാര്യം ആരോടും പറയാനും കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ഫൈവ് ഡെകേഡ്‌സ് ഓഫ് പൊളിറ്റിക്‌സ്'( രാഷ്‌ട്രീയത്തിന്‍റെ അഞ്ച് പതിറ്റാണ്ട്) എന്ന പുസ്‌തകം ഡല്‍ഹിയിലെ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ പ്രകാശിപ്പിക്കുന്ന ചടങ്ങിലായിരുന്നു ഷിന്‍ഡെയുടെ ഈ വെളിപ്പെടുത്തലുകള്‍. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഏറെ ഭയത്തോടെയായിരുന്നു കശ്‌മീരിലെ ലാല്‍ ചൗക്കും ശ്രീനഗറിലെ ദാല്‍ ലേക്കും സന്ദര്‍ശിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വിചക്ഷണനും തന്‍റെ ഉപദേശകനുമായിരുന്ന വിജയ്‌ധറിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. തന്‍റെ സന്ദര്‍ശനങ്ങള്‍ക്ക് വലിയ പ്രചാരണം കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഉപദേശം പക്ഷേ നല്ലൊരു സന്ദേശമാണ് നല്‍കിയത്. ജമ്മുകശ്‌മീര്‍ പേടിയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു ആഭ്യന്തരമന്ത്രിയിവിടെ ഉണ്ടെന്ന് ജനങ്ങള്‍ കരുതി. പക്ഷേ ശരിക്കും അയാള്‍ പേടിച്ചാണ് അവിടേക്ക് പോയത്.
താന്‍ ആഭ്യന്തരമന്ത്രിയാകും മുമ്പ് വിജയ് ധറിനെ കാണാന്‍ പോകുമായിരുന്നു. അപ്പോഴാണ് അദ്ദേഹം താന്‍ അവിടെയും ഇവിടെയും കറങ്ങി നടക്കാതെ ലാല്‍ ചൗക്കിലും ദാല്‍ ലേക്കിലും മറ്റും പോകാന്‍ ഉപദേശിച്ചത്. ആ ഉപദേശം തനിക്ക് വലിയ തോതില്‍ പ്രചരണം നേടിത്തന്നു. എന്‍റെ ഈ വെളിപ്പെടുത്തല്‍ കേട്ട് നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകും. ഒരിക്കലും ഒരു മുന്‍ പൊലീസുകാരന്‍ ഇങ്ങനെ പറഞ്ഞുകൂടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജമ്മുകശ്‌മീര്‍ തെരഞ്ഞെടുപ്പ് ബഹളങ്ങളില്‍ അമര്‍ന്നിരിക്കുന്ന വേളയിലാണ് ഷിന്‍ഡെയുടെ ഈ വെളിപ്പെടുത്തലുകള്‍. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ ജമ്മുകശ്‌മീരില്‍ സമാധാനം പുലര്‍ന്നിരിക്കുന്നുവെന്നാണ് ബിജെപിയുടെ അവകാശവാദം.
ഇക്കഴിഞ്ഞ ഏഴിന് നാഷണല്‍ കോണ്‍ഫറന്‍സിനും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും നേരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ടിരുന്നു. മേഖലയില്‍ സമാധാനം പുലര്‍ന്നപ്പോള്‍ ഇവിടെ മുഖ്യമന്ത്രിമാരാകാന്‍ ആളുകളുടെ തള്ളിക്കയറ്റമാണ്. എന്നാല്‍ ഇവിടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ കോഫി ഷോപ്പുകളിലേക്ക് ഓടിക്കയറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരത കശ്‌മീരില്‍ ഏറെ ദുരിതങ്ങള്‍ സൃഷ്‌ടിച്ചു. ഭീകരതയെ ഇവിടുത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും അമിത് ഷാ ആരോപിച്ചു.