പട്‌ന: ബിഹാര്‍ മുൻ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. അര്‍ബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
ബിഹാറില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാജ്യസഭ കാലാവധി അവസാനിച്ച ശേഷം വീണ്ടും അദ്ദേഹത്തെ പരിഗണിക്കാതിരുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരപ്പിക്കാൻ ആണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, താൻ ക്യാൻസറുമായി മല്ലിടുകയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പിന്നീട് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. രോഗബാധയെ തുടര്‍ന്ന് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, രാജ്യസഭ, ലോക്‌സഭ എന്നിവിടങ്ങളില്‍ അംഗമായിരുന്നു എന്ന അപൂര്‍വ നേട്ടത്തിനും ഉടമയാണ് സുശീല്‍ മോദി. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 2005-13, 2017-2020 കാലത്തെ ജെഡിയു-ബിജെപി സഖ്യസര്‍ക്കാരുകളുടെ കാലത്താണ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചത്. കൂടാതെ, ധനകാര്യ വകുപ്പും കൈകാര്യം ചെയ്‌തിരുന്ന അദ്ദേഹം ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ്, ബിഹാര്‍ സംസ്ഥാന അധ്യക്ഷൻ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.