സിലിഗുരി (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിൽ 4 കിലോ പാമ്പ് വിഷം കണ്ടെടുത്ത് വനംവകുപ്പ്. ബാഗ്‌ഡോഗ്ര റേഞ്ച് കുർസിയോങ് വൈൽഡ് ലൈഫ് ഫോറസ്റ്റ് ഡിവിഷൻ, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പമ്പ് വിഷം കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. ഏകദേശം 5 കോടി രൂപയോളം വിപണി മൂല്യമുള്ള വിഷമാണ് പിടികൂടിയത് (Forest Department Recovers Snake Venom Worth Rs 5 Crore).
കഴിഞ്ഞ കുറച്ച് കാലമായി മേഖലയിൽ പാമ്പിന്‍റെ വിഷം കടത്തുന്നത് പതിവായിരുന്നു. ഇത് വനം വകുപ്പിന് വലിയ തലവേദന സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 16, ഡിസംബർ 30 എന്നീ ദിവസങ്ങളിൽ സിലിഗുരി വഴിയുള്ള പാമ്പ് വിഷക്കടത്ത് വനം വകുപ്പ് പരാജയപ്പെടുത്തിയിരുന്നു.
സംഭവത്തിൽ നോർത്ത് ദിനാജ്‌പൂർ ഇസ്ലാംപൂരിലെ സ്വദേശികളായ മുഹമ്മദ് ഷാനവാസ് (27), മുഹമ്മദ് തൗഹിദ് ആലം (39), മുഹമ്മദ് അജ്‌മൽ (28) എന്നിവരാണ് പിടിയിലായത്. പ്രതികളെ സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി.
കേസുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും പരിശോധിച്ച് വരുകയാണെന്ന് ചീഫ് ഫോറസ്റ്റ് ഓഫീസർ നീരജ് സിംഗാൾ പറഞ്ഞു. പാമ്പ് വിഷക്കടത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും ബാഗ്‌ഡോഗ്ര റേഞ്ചർ സോനം ബൂട്ടിയ വ്യക്തമാക്കി.