കൊൽക്കത്ത (പശ്ചിമ ബംഗാൾ) : ദക്ഷിണ കൊൽക്കത്തയിലെ മെറ്റിയാബ്രൂസ് പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു (Five Storey Under Construction Building Collapses In South Kolkata). തിങ്കളാഴ്‌ച (18-03-2024) പുലർച്ചെയാണ് കെട്ടിടം തകർന്നതെന്ന് പശ്ചിമ ബംഗാൾ ഫയർ ആന്‍റ് എമർജൻസി സർവീസസിന്‍റെ ചുമതലയുള്ള ഡയറക്‌ടർ അഭിജിത് പാണ്ഡെ പറഞ്ഞു.
അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സിറ്റി മേയർ ഫിർഹാദ് ഹക്കിം പറഞ്ഞു. അവശിഷ്‌ടങ്ങൾക്കിടയിൽ ഇനിയും ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഹക്കിം കൂട്ടിച്ചേർത്തു.
കെട്ടിടം തകർന്നുവീണതിനെ തുടർന്ന് 10 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു (10 people were rescued after an under-construction building collapsed) . അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുകയാണെന്നും ആംബുലൻസുകൾ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. താൻ മുഖ്യമന്ത്രി മമത ബാനർജിയുമായി സംസാരിച്ചുവെന്നും, മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് തങ്ങൾ അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നും പശ്ചിമ ബംഗാളിലെ നഗരവികസന മന്ത്രി കൂടിയായ ഫിർഹാദ് ഹക്കിം പറഞ്ഞു.
കെട്ടിടം തകരുന്നതിന് മുമ്പ് കോൺക്രീറ്റ് കഷ്‌ണങ്ങൾ താഴെ വീണതായി പ്രദേശവാസികൾ പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ആരും താമസിച്ചിരുന്നില്ലെന്നും ജനസാന്ദ്രതയുള്ള പ്രദേശത്തെ സമീപത്തെ കുടിലുകളിലേക്കാണ് അവശിഷ്‌ടങ്ങൾ വീണതെന്നും അവർ സൂചിപ്പിച്ചു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തങ്ങൾ ഭയപ്പെടുന്നുവെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
ഹസാരി മൊല്ല ബഗാനിൽ ഒരു 5 നില കെട്ടിടം (നിയമവിരുദ്ധമായി നിർമ്മിച്ചത്) തകർന്നു. ഗാർഡൻ റീച്ച്, മെറ്റിയാബ്രൂസില്‍, കെഎംസി വാർഡ് നമ്പർ 134 ലെ കെട്ടിടമാണ് തകർന്നതെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി (Suvendu Adhikari) തന്‍റെ എക്‌സില്‍ കുറിച്ചു. ഈ പ്രദേശം കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമിന്‍റെ കോട്ടയുടെ കീഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ സംസ്ഥാന ദുരന്ത നിവാരണ സംഘത്തെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും ഉൾപ്പെടുത്താൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കൊൽക്കത്ത പൊലീസ് കമ്മിഷണർ എന്നിവരോട് അഭ്യർഥിക്കുന്ന രീതിയിലാണ് സുവേന്ദു അധികാരി പോസ്‌റ്റ് ചെയ്‌തു.
ആളപായത്തെ പറ്റി പറഞ്ഞ് നിരവധി കോളുകൾ തനിക്ക് വരുന്നുണ്ടെന്നും സഹായിക്കാൻ കഴിയുന്ന ഏതെങ്കിലും ടീമിനെ സംഭവസ്ഥലത്തേക്ക് അയക്കണമെന്നുമാണ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തത്. അഗ്നിശമനസേനാംഗങ്ങളോ പൊലീസോ മറ്റേതെങ്കിലും സംഘമോ ആകട്ടെ, അപകടത്തില്‍പ്പെട്ടവരെ കഴിവതും വേഗത്തില്‍ രക്ഷപ്പെടുത്തണമെന്നും പോസ്‌റ്റിൽ പറയുന്നു. എന്നിരുന്നാലും, സംഭവത്തിൽ ആളപായത്തെക്കുറിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.