ഹൈദരാബാദ്: കാലാവസ്ഥയിൽ സംഭവിക്കുന്ന പ്രവചനാതീതമായ വ്യതിയാനങ്ങൾ തെലങ്കാനയിലെ ഗോദാവരി ജില്ലയിലെ മത്സ്യ കർഷകർക്ക് വെല്ലുവിളി ആയിരിക്കുകയാണ്. അക്കിവിട്, ഭീമാവരം, ഏലൂർ എന്നീ മൊത്ത വ്യാപാര മാർക്കറ്റുകളിൽ ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ ഇപ്പോൾ വിൽക്കുന്നത് കിലോയ്‌ക്ക് വെറും 10 രൂപ മുതൽ 25 രൂപ വരെയുള്ള നിരക്കിലാണ്. കാലാവസ്ഥയിലെ മാറ്റങ്ങൾ മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് കർഷകർ ടൺ കണക്കിന് മത്സ്യങ്ങൾ കൂട്ടത്തോടെ വിൽക്കാൻ നിർബന്ധിതരായത്.
കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മത്സ്യക്കുളങ്ങളിലെ ഓക്‌സിജന്‍റെ ലഭ്യതയ്‌ക്ക് തടസം സൃഷ്‌ടിക്കുകയും, ഇതുമൂലം മത്സ്യങ്ങൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് പോവുകയും ചെയ്‌തു. കഴിഞ്ഞ ആഴ്‌ചകളിലായി കൊല്ലൂർ, പശ്ചിമ ഗോദാവരി, ഏലൂർ എന്നിവിടങ്ങളിലെ തീരദേശ കുളങ്ങളിലെ നിരവധി മത്സ്യങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് ഒഴുകിപ്പോയി.
ഇതോടെ മേഖലയിലെ മത്സ്യകർഷർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് കർഷകർക്ക് ഗണ്യമായ സാമ്പത്തിക നഷ്‌ടമുണ്ടാക്കി. തുടർന്ന് മത്സ്യങ്ങളെ കൂട്ടത്തോടെ അക്കിവിട്, ഭീമാവരം, ഏലൂർ എന്നീ മൊത്തവ്യാപാര മാർക്കറ്റുകളിലേക്ക് കൊണ്ടുപോവാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്.
ദൈനംദിനം കൊണ്ടുപോകുന്നതിൽ നിന്നും ഗണ്യമായ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. 150 ലധികം ലോറികളിലും വാനുകളിലുമായാണ് മത്സ്യം മൊത്തവ്യാപാര മാർക്കറ്റിലേക്കെത്തിക്കുന്നത്. കൂട്ടത്തോടെ വലിയ അളവിൽ മത്സ്യങ്ങളെത്തിയതോടെ വിപണിയിൽ വില കുത്തനെ ഇടിഞ്ഞു. കുറഞ്ഞ വിലയിൽ മത്സ്യങ്ങൾ വ്യാപാരികൾക്ക് ലഭ്യമാവാൻ തുടങ്ങിയതോടെയാണ് വലിപ്പമനുസരിച്ച് കിലോയ്ക്ക് 10 രൂപ മുതൽ 25 രൂപ വരെയാണ് വിപണിവില.