ന്യൂഡൽഹി: ഡൽഹി ഷഹ്‌ദാരയിലെ ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ നാലുപേർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. ഇന്ന് (26.01.24) വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തത്തില്‍ രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
വിവരം അറിഞ്ഞെത്തിയ അഗ്‌നിശമന സേന രാത്രി ഏഴ് മണിയോടെ തീ അണയ്ക്കുകയും നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. 28ഉം 40ഉം വയസ്സുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമുള്ള പെൺകുട്ടിയും 17 വയസ്സുള്ള ആൺകുട്ടിയുമാണ് ശ്വാസംമുട്ടി മരിച്ചത്. 16 വയസ്സുള്ള പെൺകുട്ടിയും 70 വയസ്സുള്ള സ്ത്രീയുമാണ് ചികിത്സയിലുള്ളത്.
ഒറ്റ ഗോവണിയുള്ള കെട്ടിടത്തിന് നാല് നിലകളുണ്ട്. കെട്ടിട ഉടമ ഭരത് സിങ്ങിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് അഗ്‌നിശമന സേനയും പൊലീസും പറയുന്നത്. നാല് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർ മെറ്റീരിയലുകളും റബ്ബർ കട്ടിംഗ് മെഷീനും തീപിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.