ന്യൂഡൽഹി : രാജീവ് ചൗക്ക് സ്‌റ്റേഷനിൽ മെട്രോ പാന്‍റോഗ്രാഫിന് തീപിടിച്ചു. വിവരമറിഞ്ഞയുടൻ മെട്രോ എൻജിനീയർമാർ തീ അണച്ചതിനാല്‍ ആളപായമില്ല. സംഭവത്തിൻ്റെ വീഡിയോ വൈറലാവുകയാണ്. വൈകീട്ട് 6:21 ന് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് വൈശാലിയിലേക്ക് ട്രെയിൻ പോകുമ്പോഴാണ് സംഭവം. ആ സമയത്ത്, ട്രെയിനിന്‍റെ മേല്‍ഭാഗത്ത് തീപിടിയ്‌ക്കുകയായിരുന്നു.
തീവ്രമായ രീതിയില്‍ പടരാത്തതിനാല്‍ തന്നെ പെട്ടെന്ന് അണയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഓവർഹെഡ് ലൈനുമായുള്ള സമ്പർക്കത്തിലൂടെ വൈദ്യുതി ശേഖരിക്കുന്നതിനായി ഇലക്ട്രിക് ട്രെയിനിൻ്റെയോ ഇലക്ട്രിക് ബസിൻ്റെയോ മുകളിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് പാൻ്റോഗ്രാഫ്.
ഓവർഹെഡ് ഇലക്‌ട്രിക് വയറിനും പാന്‍റോഗ്രാഫിനും ഇടയില്‍ വന്ന പ്രതിഫലനമായിരിക്കുമെന്നാണ് ഡിഎംആര്‍ഡിസി ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരമൊരു സംഭവത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയോ നഷ്‌ടമോ ഇല്ലെന്നും, സംഭവത്തിന്‍റെ യഥാർഥ കാരണം അന്വേഷിക്കുമെന്നും മെട്രോ അറിയിച്ചു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, തകരാറിലായ പാന്‍റോഗ്രാഫ് ഉടൻ പുറത്തെടുക്കുകയും ഏകദേശം 5 മിനിട്ടിന് ശേഷം പ്രശ്‌നം പരിഹരിച്ച് ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്‌തു. ഇതുമൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
തിങ്കളാഴ്‌ച ഡൽഹിയിൽ രേഖപ്പെടുത്തിയ പരമാവധി താപനില 46 ഡിഗ്രിയാണ്. സാധാരണയേക്കാൾ 6 ഡിഗ്രി കൂടുതലാണിത്. അതേസമയം കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസാണ്. വരും ദിവസങ്ങളിൽ കടുത്ത ചൂട് ഉണ്ടാകുമെന്നും ഉഷ്‌ണതരംഗം പൊട്ടിപ്പുറപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കരുതുന്നു.
ഇക്കാരണത്താൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. അതേസമയം, കടുത്ത ചൂടിനെ തുടർന്ന് തലസ്ഥാന നഗരിയില്‍ തീപിടിത്ത സംഭവങ്ങളും ദിനംപ്രതി ഏറുകയാണ്.
ALSO READ: ഓടിക്കൊണ്ടിരുന്ന കാര്‍ അഗ്നിഗോളമായി; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്