ന്യൂഡൽഹി : ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ വന്‍ തീപിടിത്തം. നാല് നിലകളുള്ള കടയിലാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നതെന്നും തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് ഫയർ സർവീസസ് വകുപ്പ് അറിയിച്ചു.
തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ പിടിക്കാനുള്ള കാരണം എന്താണ് എന്നതിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വരാൻവേണ്ടി കാത്തിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം ഗാന്ധി നഗറിൽ ഫയർ സ്‌റ്റേഷൻ ഇല്ലാത്തതിനാൽ തീയണയ്‌ക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ബിജെപി എം എൽ എ അനിൽ ബാജ്പേയ് പറഞ്ഞു.
പ്രദേശത്ത് ഫയർ സ്‌റ്റേഷന്‍റെ അഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. 1960 മുതൽ ഗാന്ധി നഗറിൽ ഫയർ സ്‌റ്റേഷൻ ഇല്ലെന്നത് നിർഭാഗ്യകരമാണെന്നും ഈ വിഷയം താൻ ശക്തമായി നിയമസഭയിൽ ഉന്നയിക്കുകയും ഡൽഹി ഫയർ ഓഫിസർ അതുൽ ഗാർഗിനെ മൂന്ന് തവണ കാണുകയും ചെയ്‌തിട്ടുണ്ടെന്നും അനിൽ ബാജ്പേയ് പറഞ്ഞു.
ഗാന്ധി നഗറിലെ താമസക്കാർക്ക് വേണ്ടി ഒരു ഫയർ സ്‌റ്റേഷൻ സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഉടൻ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ വിഷയത്തിൽ താൻ ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നുവെന്നും ഫയർസ്‌റ്റേഷന്‍റെ ഫയൽ പ്രോസസിലാണെന്നും ഗാന്ധി നഗർ മാർക്കറ്റ് മോടിപിടിപ്പിച്ചു കഴിഞ്ഞാൽ എല്ലാ തെരുവിനും പുറത്ത് അഗ്നിശമന സേനയുടെ പൈപ്പ് ലൈൻ ഉള്ള ഒരു തൂൺ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പൊലീസിന്‍റെയും അഗ്നിശമന സേനാംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ തീപിടിത്തത്തിൽ ആളപായം ഒഴിവാക്കാൻ സഹായിച്ചെങ്കിലും തീപിടിത്തം ലക്ഷങ്ങളുടെ നഷ്‌ടത്തിന് കാരണമായേക്കാമെന്ന് ഭയപ്പെടുന്നു. തീപിടിത്തമുണ്ടായ സ്ഥലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിർബന്ധമായും ഇപ്പോൾ സന്ദർശിച്ചിരിക്കണം പക്ഷേ അദ്ദേഹം ഹാജരായില്ലെന്നും ബാജ്‌പേയ് അറിയിച്ചു