ഹൈദരാബാദ് : ഒരുപാട് സ്വപ്‌നങ്ങളും പേറിയാണ് അവർ ഇരുവരും ഒരേ ലക്ഷ്യസ്ഥാനത്തേക്ക്, വ്യത്യസ്‌ത വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് അടുപ്പിക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു അവർ. എന്നാൽ വിവാഹത്തിന് വേണ്ടുന്ന സാധനങ്ങളുമായി മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം അവരുടെ സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തി.
രംഗറെഡ്ഡി ജില്ലയിലെ കണ്ടുകുരു പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദബ്ബദഗുഡയിലാണ് ദാരുണമായ സംഭവം നടന്നത്. നാഗർകർണൂൽ ജില്ലയിലെ തദുരുവിലെ ഗുന്തകോഡുരു ഗ്രാമത്തിൽ നിന്നുള്ള തുംകുണ്ട ശങ്കർ (27) തന്‍റെ വിവാഹ സാധനങ്ങളുമായി ബൈക്കിൽ വരികയായിരുന്നു. തൊട്ടുപിറകിൽ ബസിൽ പ്രണയിനിയുമുണ്ട്.
യുതിയെ ബന്ധുവിനൊപ്പം ബസിൽ കയറ്റിയാണ് ശങ്കർ ബൈക്കിൽ തനിച്ച് വന്നത്. ഇതിനിടെ ഹൈദരാബാദ്-ശ്രീശൈലം ദേശീയ പാതയിലെ തെബഡഗുഡ ഗേറ്റിൽ വച്ച് ശങ്കറിന്‍റെ ബൈക്ക് അപകടത്തിൽപ്പെട്ടു. പിന്നാലെ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കർ റോഡിൽ ജീവനായി പിടഞ്ഞു.
അപകടം നടന്ന് ഏതാണ്ട് 15-20 മിനിറ്റിന് ശേഷമാണ് ശങ്കറിന്‍റെ കാമുകി സഞ്ചരിക്കുന്ന ബസ് അതുവഴി എത്തിയത്. ബൈക്കിന്‍റെ നമ്പറിൽ നിന്നും അപകടത്തിൽപ്പെട്ടത് ശങ്കറാണെന്ന് മനസിലാക്കിയ യുവതി അവിടേക്ക് പാഞ്ഞടുത്തു. തുടർന്ന് അവൾ തന്നെ ആംബുലൻസ് വിളിക്കുകയും ശങ്കറിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
എന്നാൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവാവ് ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജീവിതകാലം മുഴുവൻ ഒരുമിച്ച് നടക്കാമെന്ന് വാക്ക് നൽകിയവൻ മൗനം ബാക്കിയാക്കി മാഞ്ഞകന്നത് നോക്കിനിൽക്കാനെ അവൾക്ക് കഴിഞ്ഞുള്ളൂ. ഒരുപാട് സ്വപ്‌നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് ചുവടുവക്കാൻ ആഗ്രഹിച്ച ഇവരുടെ പ്രതീക്ഷകളെയെല്ലാം ആ റോഡപകടം തകർത്തെറിഞ്ഞു.
ന്യൂസ് ചാനലിലാണ് ശങ്കർ ജോലി ചെയ്‌തിരുന്നത്. ജോലി ആവശ്യാർഥമാണ് ഇദ്ദേഹം ഹൈദരാബാദിൽ എത്തിയത്. തുടർന്ന് സന്തോഷ് നഗറിൽ താമസിച്ച് വരികയായിരുന്നു. നിസാമാബാദ് ജില്ലയിൽ നിന്നുള്ള യുവതിയുമായാണ് ഇയാൾ പ്രണയത്തിലായിരുന്നത്. ഇവരുടെ വിവാഹത്തിന് ശങ്കറിൻ്റെ മാതാപിതാക്കൾ സമ്മതിച്ചെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു.
തുടർന്ന് ഈ മാസം 19നാണ് ഇരുവരും നഗരം വിട്ട് ശങ്കറിൻ്റെ ഗ്രാമത്തിലേക്ക് പോയത്. വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. പ്രണയിനിയോടൊപ്പം കല്യാണത്തിനാവശ്യമായ സാധനങ്ങളെല്ലാം വാങ്ങി മടങ്ങുന്നതിനിടെയാണ് നിനച്ചിരിക്കാതെ അപകടം എല്ലാം തച്ചുതകർത്തത്. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.