ഷിയോപൂർ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു. കൂട്ടത്തില്‍ ഏറ്റവും വേഗക്കാരനായ പവന്‍ ആണ് ചത്തത്. പവൻ ചീറ്റയുടെ ശരീരത്തിന്‍റെ പകുതി ഭാഗം തടാകത്തിൽ മുങ്ങിയ നിലയില്‍ ആയിരുന്നെന്നും ദേഹത്ത് മുറിവുകളുണ്ടായിരുന്നെന്നും പത്രക്കുറിപ്പിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ഇന്ന് രാവിലെ 10:30- യോടെ തുറന്ന കാട്ടിലെ കുറ്റിക്കാട്ടിലാണ് ചീറ്റയെ കണ്ടെത്തിയതെന്ന് പ്രോജക്‌ട് ചീറ്റയുടെ ഡയറക്‌ടർ ഉത്തം കുമാർ ശർമ്മ പറഞ്ഞു. ഡോക്‌ടർമാർ പരിശോധിച്ചപ്പോൾ മരിച്ചതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
2022 സെപ്റ്റംബർ 17 ന് ആണ് നമീബിയയിൽ നിന്ന് പവൻ ചീറ്റയെ കുനോയില്‍ എത്തിച്ചത്. ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ചീറ്റയാണ് ഇവിടെ മരിക്കുന്നത്. അതേസമയം, കുനോയില്‍ എത്തിച്ചതില്‍ പതിനൊന്നാമത്തെ ചീറ്റയാണ് മരിക്കുന്നത്.
ഇതിന് മുമ്പ്, ആഫ്രിക്കന്‍ ചീറ്റയായ ഗമിനി എന്ന പെൺചീറ്റയുടെ കുഞ്ഞ് ചത്തിരുന്നു. ജൂലായ് 29-ന് ആയിരുന്നു മരണം. നട്ടെല്ല് പൊട്ടിയ നിലയിലാണ് ചീറ്റക്കുഞ്ഞിനെ കണ്ടെത്തിയത്.
Also Read : ഇനി സ്വതന്ത്രമായി 'ചീറിപ്പായാം'; കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ തുറന്നുവിടും