ശ്രീനഗര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്‌ദുള്ള. പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ഇത് മറ്റൊരു തിരിച്ചടി ആയിരിക്കുകയാണ്(National Conference).
സീറ്റ് പങ്കിടല്‍ ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി(Election 2024 ). ജമ്മുവിലും കശ്മീരിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നതെന്ന് മൂന്ന് തവണ ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് പറഞ്ഞു. ഇതിനിടെ നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ പല പ്രമുഖ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കത്വ ജില്ലാ അധ്യക്ഷനായിരുന്ന സഞ്ജീവ് ഖജുരിയ അടക്കമുള്ള നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പാര്‍ട്ടിയുടെ പല അനുയായികളും ഭാരവാഹികളും കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നു(Farooq Abdullah).
ഫാറൂഖ് അബ്‌ദുള്ളയെ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ജമ്മുകശ്‌മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു നടപടി. ജനുവരി പതിനൊന്നിന് ഹാജരാകാന്‍ നേരത്തെ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. 2022 ജൂലൈയില്‍ അബ്‌ദുള്ളയ്ക്കെതിരെ ഒരു ഉപകുറ്റപത്രം കൂടി ഇഡി പുറത്തിറക്കിയിരുന്നു.
ഇതിനിടെ ഇന്ത്യാമുന്നണിക്ക് തെരഞ്ഞെടുപ്പ് അടുക്കും തോറും തിരിച്ചടികള്‍ വര്‍ദ്ധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ തനിച്ച് മത്സരിക്കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. അടുത്തിടെയാണ് ഉത്തര്‍പ്രദേശില്‍ രാഷ്‌ട്രീയ ലോക്ദള്‍ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് ചേക്കേറിയത്. ഇന്ത്യാ മുന്നണിയുെട ശില്‍പ്പികളിലൊരാളായ ജനതാദള്‍ സെക്യുലര്‍ നേതാവ് നിതീഷ് കുമാര്‍ തന്നെ മഹാസഖ്യത്തില്‍ നിന്ന് ഇറങ്ങി ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കൊപ്പം കൂടിയതും അടുത്തിടെയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഗോവയിലും ഗുജറാത്തിലെ ചില മണ്ഡലങ്ങളിലും ആം ആദ്‌മി പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതും കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്‌ടിക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളിലടക്കമാണ് ആം ആദ്‌മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ ആറും തങ്ങള്‍ക്ക് വേണമെന്ന ആവശ്യവും എഎപി ഉന്നയിച്ചിട്ടുണ്ട്. ഒരു സീറ്റില്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കട്ടെയെന്നാണ് എഎപിയുടെ നിലപാട്. ഗുജറാത്തിലെ 26 മണ്ഡലങ്ങളില്‍ എട്ടെണ്ണം എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയായി തുടരുമ്പോള്‍ പാര്‍ട്ടികള്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ട് തന്നെ അറിയണം.
Also Read: ലോക്‌സഭയിലേക്ക് ആരെല്ലാം, ഇടതുമുന്നണി ചർച്ച തുടങ്ങുന്നു