ന്യൂഡല്‍ഹി : പഞ്ചാബ് കർഷകരുടെ 'ദില്ലി ചലോ' പ്രതിഷേധം ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ ഒരുങ്ങി സേന (Farmers' Protest March). പ്രതിഷേധം തടയാനായി 30,000 ത്തില്‍ അധികം കണ്ണീർ വാതക ഷെല്ലുകൾക്ക് ഡല്‍ഹി പൊലീസ് ഓർഡർ നൽകിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു (Delhi Police Orders 30,000 Tear Gas Shells). പഞ്ചാബിൽ നിന്ന് മാർച്ച് ചെയ്‌ത നൂറുകണക്കിന് കർഷകരെ ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ അംബാലയ്ക്ക് സമീപം ഹരിയാനയുമായുള്ള സംസ്ഥാന അതിർത്തിയിൽ തടഞ്ഞു. ഹരിയാന സുരക്ഷാസേന ഇവരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും പ്രയോഗിച്ചു.
പ്രതിഷേധക്കാർ മുന്നോട്ട് പോയാൽ അവരെ ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിനായുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി, ഡൽഹി പൊലീസ് ഇതിനകം തന്നെ വൻതോതിൽ കണ്ണീർ വാതക ഷെല്ലുകൾ ശേഖരിച്ചു. മാത്രമല്ല മധ്യപ്രദേശ് - ഗ്വാളിയോറിലെ തേക്കൻപൂരിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എഫിന്‍റെ ടിയർ സ്‌മോക്ക് യൂണിറ്റിൽ (ടിഎസ്‌യു) നിന്ന് 30,000 എണ്ണം കൂടി ഓർഡർ ചെയ്‌തതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലേക്ക് കണ്ണീർ വാതക ഷെല്ലുകൾ കൊണ്ടുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന ഉപയോഗിക്കുന്ന ആയുധമാണ് ടിയർ ഗ്യാസ് ഷെൽ. കണ്ണുകളിൽ അസ്വസ്ഥത സൃഷ്‌ടിച്ച് ഗ്യാസ് കണ്ണുനീര്‍ വരുത്തും. 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിക്ക് മുമ്പ് ടിയർ ഗ്യാസ് ഷെല്ലിന്‍റെ വന്‍ ശേഖരം പൊലീസ് കരുതിയിരുന്നു.
ഓരോ കണ്ണീർ വാതക ഷെല്ലിന്‍റെയും കാലാവധി മൂന്ന് വർഷമാണ്. അതിന് ശേഷം അവയുണ്ടാക്കുന്ന ആഘാതം സാവധാനത്തിൽ ദുർബലമാകുമെന്നും എന്നാൽ സേനകൾ പരിശീലന ആവശ്യങ്ങൾക്കായി ഏഴ് വർഷം വരെ അത് ഉപയോഗിക്കാറുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി പൊലീസിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം, ഒരു സ്‌റ്റോക്ക് ലഭിച്ചുകഴിഞ്ഞാൽ, ഷെല്ലുകൾ ജില്ല പൊലീസിനും സേനയുടെ മറ്റ് യൂണിറ്റുകൾക്കും വിതരണം ചെയ്യും. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത്, പുതിയ സ്‌റ്റോക്ക് ഔട്ടർ, ഔട്ടർ-നോർത്ത്, ഈസ്‌റ്റ് ജില്ല പൊലീസ് യൂണിറ്റുകള്‍ക്ക് വിതരണം ചെയ്യാനാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ തലസ്ഥാനത്തെ പ്രതിഷേധ സ്ഥലങ്ങൾ അവരുടെ അധികാരപരിധിയിലാണ് വരുന്നത്.
സിംഗു (സോനിപത് വശം), തിക്രി (ബഹാദുർഗഡ് ഭാഗം), ഗാസിപൂർ (ഗാസിയാബാദ് വശം) എന്നീ അതിർത്തികളിൽ കർഷകരെ തടയാൻ ഡൽഹി പൊലീസ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകം തന്നെ ധാരാളം കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കികളും മറ്റ് കലാപ വിരുദ്ധ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരോട് ഒരു കർഷകനോ അവരുടെ ട്രാക്‌ടർ ട്രോളിയോ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസിനോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ തലസ്ഥാനത്തിന്‍റെ അധികാരപരിധിയിലേക്ക് അഞ്ചോ അതിലധികമോ ആളുകളുടെ സമ്മേളനം, ഘോഷയാത്രകൾ, റാലികൾ, ആളുകളെ കടത്തിക്കൊണ്ടുപോകുന്ന ട്രാക്‌ടർ - ട്രോളികളിൽ പ്രവേശിക്കൽ എന്നിവ നിരോധിച്ചുകൊണ്ട് ഒരു മാസത്തേക്ക് ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC) സെക്ഷൻ 144 പ്രകാരം ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അംബാലയ്ക്ക് സമീപം പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിക്ക് സമീപം തടിച്ചുകൂടിയ കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. കർഷകർ ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുകയാണ്. വിളകളുടെ കുറഞ്ഞ താങ്ങുവില സംബന്ധിച്ച നിയമപരമായ ഗ്യാരണ്ടി, സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ, വായ്‌പ എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.
ALSO READ : പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍, കേന്ദ്രവുമായി ചര്‍ച്ച ഇന്ന്
2020 ലെ അവരുടെ പ്രതിഷേധത്തെത്തുടർന്ന്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, സിംഗു, ഗാസിപൂർ, തിക്രി അതിർത്തികളിൽ ഉപരോധം നടത്തിയിരുന്നു. 2020 ഓഗസ്‌റ്റ് മുതൽ 2021 ഡിസംബർ വരെ അവർ അവിടെ ഇരുന്നു. ട്രാക്‌ടറുകളുടെ ഘോഷയാത്രയിൽ നീങ്ങുന്ന കർഷകരുടെ പ്രവേശനം പരിശോധിക്കാൻ 2020-ൽ പൊലീസിന് കൂടുതല്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നിരുന്നു.