ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകനു കൂടി ജീവൻ നഷ്‌ടമായി. ഖനൂരി അതിർത്തിയിൽ സമരം നടത്തിയിരുന്ന കർണയിൽ സിങ് (50) ആണ് മരിച്ചത്. പ്രക്ഷോഭത്തിന്‍റെ പതിനഞ്ചാം ദിവസമാണ് കർണയിൽ സിങ് മരിക്കുന്നത്.
പട്യാലയിലെ റാണോ ഗ്രാമത്തിലെ താമസക്കാരനായിരുന്നു കർണയിൽ സിങ്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം. ഖാനൂരി അതിർത്തിയിൽ സമരത്തിലിരിക്കുന്ന കർഷകനായ നിഹാൽ സിങ്ങിന്‍റെ മകനാണ് മരിച്ച കർണയിൽ സിങ് (Another Farmer Sitting On The Khinauri Border Died).
സമരത്തിലിരിക്കെ കർണയിൽ സിംങ്ങിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായതായി കർഷകർ പറയുന്നു. പട്യാല രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കർഷക സമരത്തിനെതിരെ ഖനൗരിയിൽ ഹരിയാന പൊലീസിന്‍റെ കണ്ണീർ വാതക പ്രയോഗത്തിലാണ് കർണയിൽ സിങ് ശ്വാസകോശ രോഗബാധിതനായതെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി (Farmers protest).
കർഷക മരണം കൂടുന്നു: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷക പ്രതിഷേധത്തിനിടെ നിരവധി കർഷക നേതാക്കൾ മുമ്പും മരിച്ചിട്ടുണ്ട്. കർഷക സമരത്തിനിടെ ഹരിയാന പൊലീസിന്‍റെ മർദനത്തിൽ നിരവധി കർഷകർ ഹൃദയാഘാതം മൂലം മരിക്കുകയും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നിരവധി കർഷകർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു.
ഡൽഹി ചലോ മാർച്ച്: കര്‍ഷകരുടെ ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 29 വരെ നീട്ടിയതിന് ശേഷം പഞ്ചാബ്-ഹരിയാനയുടെ ശംഭു, ഖാനൂരി അതിർത്തികളിൽ കർഷകർ പ്രതിഷേധം തുടരുകയാണ്. കിസാൻ മസ്ദൂർ മോർച്ചയും, യുണൈറ്റഡ് കിസാൻ മോർച്ചയും പ്രസ്ഥാനത്തെ നയിക്കുന്നത്. ഡൽഹി മാർച്ചിനെക്കുറിച്ച് ദേശീയ തല യോഗത്തില്‍ ചർച്ച ചെയ്യും. ഫെബ്രുവരി 28ന് ഡൽഹി ചലോ മാർച്ചിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കും.
പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ ഹരിയാനയിലെ 7 ജില്ലകളിൽ സർക്കാർ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. ഹിസാർ, ജിന്ദ്, കൈതാൽ, കുരുക്ഷേത്ര, അംബാല, ഫത്തേഹാബാദ്, സിർസ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഫെബ്രുവരി 24ന് രാത്രിയോടെ നിരോധനം നീക്കിയിരുന്നു.
പഞ്ചാബിലെ 7 ജില്ലകളിലെ 19 പ്രദേശങ്ങളിലും കേന്ദ്രസർക്കാർ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നു. പട്യാല, മൊഹാലി, ബതിന്ദ, ഫത്തേഗഡ് സാഹിബ്, മുക്ത്സർ, മൻസ, സംഗ്രൂർ ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. ഡല്‍ഹി ചലോ പ്രതിഷേധം 29 വരെ നിർത്തിവച്ചിരിക്കുകായാണു സംഘടനകൾ.