ചണ്ഡിഗഡ് : ശംഭു അതിർത്തിയിൽ പ്രക്ഷോഭം കടുപ്പിച്ച് കർഷകർ (Farmer's March).അതേസമയം പ്രതിഷേധക്കാര്‍ക്ക് നേരെ ഹരിയാന ഡ്രോൺ മുഖേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിൽ പഞ്ചാബ് അധികൃതര്‍ എതിര്‍പ്പുയര്‍ത്തി രംഗത്തെത്തി. ശംഭു അതിർത്തിയില്‍ പഞ്ചാബിന്‍റെ പ്രദേശത്തേക്ക് ഹരിയാന ഡ്രോൺ അയക്കരുതെന്ന് പട്യാല ഡെപ്യൂട്ടി കമ്മീഷണർ (ഡി സി) ഷോകത്ത് അഹമ്മദ് പാരെ അംബാല ഡെപ്യൂട്ടി കമ്മീഷണറോട് നിര്‍ദേശിച്ചു (Haryana's Use Of Drone).
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കര്‍ഷകര്‍ പൊലീസിന്‍റെ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. കർഷകരെ പിരിച്ചുവിടാൻ ഹരിയാനയുടെ സുരക്ഷ ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച (13-02-2024) ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്‌തിരുന്നു.
പഞ്ചാബിന്‍റെ മേഖലയില്‍ നിൽക്കുമ്പോൾ ഡ്രോണില്‍ നിന്ന് കണ്ണീർ വാതക ഷെല്ലുകള്‍ ദേഹത്ത് പതിച്ചതായി പഞ്ചാബിലെ കർഷകർ അറിയിച്ചിരുന്നു. അതിനാല്‍ ഡ്രോൺ തങ്ങളുടെ പ്രദേശത്തേക്ക് അയക്കരുതെന്ന് അംബാല ഡിസിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഷോകത്ത് അഹമ്മദ് പാരെ പറഞ്ഞു. ഇക്കാര്യം താൻ അംബാല സീനിയർ പൊലീസ് സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേ തുടര്‍ന്ന് അവർ ഇപ്പോൾ അതിർത്തിയിലെ ഡ്രോണ്‍ വിന്യാസം നിയന്ത്രിച്ചതായും ഷോകത്ത് അഹമ്മദ് പാരെ വ്യക്‌തമാക്കി. ഇതാദ്യമായാണ് പ്രതിഷേധക്കാർക്കെതിരെ കണ്ണീര്‍ വാതക ഷെല്ലുകൾ തൊടുക്കാന്‍ ഡ്രോൺ ഉപയോഗിക്കുന്നത്. ചൊവ്വാഴ്‌ച സംസ്ഥാനങ്ങൾക്കിടയിലുള്ള രണ്ട് അതിർത്തി പോയിന്‍റുകളിൽ ഹരിയാന പൊലീസുമായി കർഷകർ ഏറ്റുമുട്ടിയിരുന്നു. ദേശീയ തലസ്ഥാനത്തേക്കുള്ള അവരുടെ പ്രതിഷേധ മാർച്ച് തടഞ്ഞുകൊണ്ട് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോൾ കര്‍ഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കപ്പെട്ടു.
ശംഭു അതിർത്തിയിൽ, ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നിലധികം റൗണ്ട് കണ്ണീർ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായപ്പോൾ സ്ഥിതിഗതികൾ നിയന്ത്രിക്കാനാണ് കണ്ണീർ വാതകം പ്രയോഗിച്ചതെന്ന് ഹരിയാന പൊലീസ് പറഞ്ഞു.
സംയുക്ത കിസാൻ മോർച്ചയും (രാഷ്‌ട്രീയേതര) കിസാൻ മസ്‌ദൂർ മോർച്ചയുമാണ് വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്‌പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ‘ഡൽഹി ചലോ’ സമരത്തിന് നേതൃത്വം നൽകുന്നത്.