ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് ഇന്ന് (Farmer's Delhi March). കിസാന്‍ മോര്‍ച്ചയുടെ രാഷ്‌ട്രീയേതര വിഭാഗവും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുടെയും സംയുക്ത നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന മാര്‍ച്ചില്‍ ഇരുന്നൂറിലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. താങ്ങുവിലയും വിള ഇൻഷുറന്‍സും ലഭ്യമാക്കണം ലഖിംപൂര്‍ കേസില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം, കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസുകള്‍ റദ്ദാക്കുക എന്നിവയാണ് കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ (Delhi Chalo March Demands Of Farmers).
ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനായി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാര്‍ ചണ്ഡീഗഢില്‍ എത്തി കര്‍ഷകസ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്ന് കര്‍ഷക നേതാക്കള്‍ പിന്നീട് അറിയിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട എന്നിവരായിരുന്നു കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയ്‌ക്ക് എത്തിയത്. ചണ്ഡീഗഢിലെ സെക്ടർ 26ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ചേര്‍ന്ന യോഗം അഞ്ച് മണിക്കൂറോളം നേരം നീണ്ടുനിന്നിരുന്നു. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി തുടരുകയാണ് ചെയ്യുന്നതെന്നും യോഗത്തിന് ശേഷം കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
അതേസമയം, കര്‍ഷക മാര്‍ച്ചിനെ കടുത്ത നിയന്ത്രണങ്ങളാണ് ഡല്‍ഹി-പഞ്ചാബ് അതിര്‍ത്തികളില്‍ ഹരിയാന ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകരെ തടയാനായി അതിര്‍ത്തികളില്‍ മൂന്ന് ലെയര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണവും അതിര്‍ത്തി മേഖലകളില്‍ ശക്തമാണ്.
തിരക്ക് നിയന്ത്രിക്കാനായി രണ്ട് കമ്പനി ഐടിബിപി, ബിഎസ്എഫ് സേനകളെയും മേഖലയില്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് ഹരിയാന പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നിലവില്‍ ഹരിയാനയിലെ ഡല്‍ഹി പഞ്ചാബ് അതിര്‍ത്തികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കെയാണ്. 60 ദിവസത്തേക്കാണ് നിയന്ത്രണം.
കൂടാതെ, ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് നിരോധനവുമുണ്ട്. ട്രാക്‌ടറുകളില്‍ ഇന്ധനം നിറയ്‌ക്കാന്‍ എത്തുന്നവര്‍ക്ക് പത്ത് ലിറ്ററില്‍ അധികം പെട്രോള്‍ നല്‍കരുതെന്നാണ് സോനിപത് ഡിസി നല്‍കിയിരിക്കുന്ന നിര്‍ദേശം.