ജാർസുഗുഡ : ഒഡിഷയിലെ ജാർസുഗുഡയിൽ കാറിനുള്ളിൽ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍. സുജിത് റേ, ഭാര്യ ഖുശ്ബു, മകൾ അർപിത(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാനിപഹാഡയ്ക്ക് സമീപമുള്ള കളിസ്ഥലത്ത് പാർക്ക് ചെയ്‌ത കാറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ.
ഓൺലൈൻ ചൂതാട്ടത്തിൽ നിന്നുള്ള കനത്ത സാമ്പത്തിക നഷ്‌ടം മൂലം സുജിത് റേ ഭാര്യയെയും മകളെയും വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് ജാർസുഗുഡ എസ്‌പി പർമർ സ്‌മിത് പർഷോത്തംദാസ് പറഞ്ഞു. കുടുംബത്തെ കാണാനില്ലെന്ന് ബുധനാഴ്‌ച രാത്രി 10.30ഓടെ ഓറിയൻ്റ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നതായും എസ്‌പി പറഞ്ഞു. മൊബൈൽ ഫോൺ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസെത്തുമ്പോള്‍ കാറിന്‍റെ എഞ്ചിനും എയർ കണ്ടിഷനും ഓണായ നിലയിലായിരുന്നു എന്നും അധികൃതർ വെളിപ്പെടുത്തി.
സ്ത്രീയുടെയും മകളുടെയും കണ്ണിൽ തുണി കെട്ടിയിരുന്നതായും സുജിത് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു എന്നും പർഷോത്തംദാസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, വിവിധ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഒറ്റ ആപ്പിൽ മാത്രം 4.25 ലക്ഷം രൂപയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായും ചൂതാട്ടത്തിനായി ഒന്നിലധികം സ്രോതസുകളിൽ നിന്ന് വായ്‌പ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച തോക്കും ബുള്ളറ്റ് കേസിങ്ങുകളും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.