തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മഹാരാഷ്ട്രയുടെ ചിത്രം ഏകദേശം പൂർണമായിക്കഴിഞ്ഞു. പക്ഷെ സുപ്രധാന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ ഇപ്പോഴും കൊടുമ്പിരികൊണ്ട് നടക്കുകയാണ്. മഹായുതി സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ ഫഡ്‌നാവിസ് മൂന്നാമതും മുഖ്യമന്ത്രി പദത്തിൽ എത്തുമോ, അതോ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച ശിവസേനയെ നയിച്ച ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ തന്നെ തുടരുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.
ഫഡ്‌നാവിസോ ഷിന്‍ഡെയോ?
മത്സരിച്ച 149 സീറ്റുകളിൽ 132 ലും വിജയക്കൊടി പാറിക്കാനായ ബിജെപിയുടെ, ഫഡ്‌നാവിസിന് തന്നെയാണ് രാഷ്‌ട്രീയ നിരീക്ഷകർ കൂടുതൽ സാധ്യത കൽപിക്കുന്നത്. ഫഡ്‌നാവിസിനെ കാണാൻ ബിജെപി ദേശീയ ജോയിൻ്റ് ജനറൽ സെക്രട്ടറി ശിവപ്രകാശും മഹാരാഷ്ട്ര ഘടകം മേധാവി ചന്ദ്രശേഖർ ബവൻകുലെയും മലബാർ ഹിൽ ഏരിയയിലെ 'സാഗർ' ബംഗ്ലാവിൽ പ്രകാശും ബവൻകുലെയും എത്തിയതായി റിപ്പോർട്ടുകള്‍ ഉണ്ട്.
എന്നിരുന്നാലും ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഷിൻഡെ പക്ഷവും മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചേക്കാം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ശിവസേന എംഎൽഎമാരുമായും ബാന്ദ്രയിലെ ഒരു ഹോട്ടലിൽ യോഗം വിളിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ യോഗങ്ങൾക്ക് ശേഷം മഹായുതി നേതാക്കൾ തിങ്കളാഴ്‌ച യോഗം ചേരും. അവിടെ വെച്ച് മുഖ്യമന്ത്രി പദത്തിന്‍റെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ സംസ്ഥാന അസംബ്ലിയുടെ കാലാവധി ചൊവ്വാഴ്‌ച അവസാനിക്കും. നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കുന്നതിനാൽ നവംബർ 25നകം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രി പദത്തിന്‍റെ കാര്യത്തിൽ തർക്കങ്ങളില്ലെന്നാണ് നിലവിൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനിടെ ഓരോ പാർട്ടികളും തങ്ങളുടെ നിയമസഭാ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള യോഗങ്ങൾ നടത്തുന്നുണ്ട്. എൻസിപി അജിത് പവാർ ഗ്രൂപ്പിന്‍റെ നേതാവായി അജിത് പവാറിനെ ഇന്ന് തെരഞ്ഞെടുത്തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതിപക്ഷ നേതാവില്ലാത്ത മഹാരാഷ്‌ട്ര
മഹായുതി സഖ്യത്തിന് മുന്നിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ ശക്തമായ പ്രതിപക്ഷം പോലും രൂപീകരിക്കാനാകാതെ തകർന്നടിഞ്ഞിരിക്കുകയാണ് മഹാവികാസ് അഘാഡി സഖ്യം. മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടിരുന്ന മഹാ വികാസ് അഘാടിക്ക് ഒരു പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം പോലും ലഭിച്ചില്ല. കഴിഞ്ഞ 60 വർഷത്തോളം നീളുന്ന സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്.
പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാന്‍ ലോക്‌സഭയിലെയും നിയമസഭയിലെയും ആകെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചിത അംഗബലം ആവശ്യമാണ്. എന്നുവച്ചാൽ ലോക്‌സഭാ, വിധാൻസഭാ ചട്ടങ്ങൾ അനുസരിച്ച്, സംസ്ഥാന നിയമസഭയിലെ മൊത്തം സീറ്റിൻ്റെ 10 ശതമാനം ഉള്ളപ്പോൾ മാത്രമേ ഒരു പാർട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കൂ.
ഈ കണക്കനുസരിച്ച് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് മഹരാഷ്‌ട്രയിൽ കുറഞ്ഞത് 29 സീറ്റുകളെങ്കിലും വേണം. പക്ഷേ, ആകെ 288 സീറ്റുകളിൽ 46 സീറ്റുകൾ മാത്രം നേടിയ മഹാവികാസ് അഘാഡിയുടെ സഖ്യകക്ഷികളിൽ ഒരാള്‍ക്ക് പോലും പത്തുശതമാനം സീറ്റ് മറികടക്കാൻ ആയിട്ടില്ല എന്നർഥം.
മഹാവികാസ് അഘാഡിക്ക് ആകെ 46 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് 16 സീറ്റുകളിലും ശിവസേന (യുബിടി) 20 സീറ്റുകളിലും എൻസിപി (ശരദ് ചന്ദ്ര പവാർ) 10 സീറ്റുകളിലും വിജയിച്ചു. സ്വതന്ത്രരുള്‍പ്പെടെയുള്ള മറ്റുള്ളവർക്ക് 12 സീറ്റുകൾ ലഭിച്ചു. വിധാൻസഭയിലെ 288 സീറ്റുകളിൽ 230 സീറ്റുകളിലും മഹായുതിയാണ് വിജയിച്ചത്. ഇതിൽ ബിജെപിക്ക് 132 സീറ്റും ശിവസേനയ്ക്ക് 57 സീറ്റും എൻസിപിക്ക് 41 സീറ്റുമാണ് ലഭിച്ചത്. എന്തായാലും മുഖ്യമന്ത്രിക്കുള്ള സസ്‌പെന്‍സ് നാളെ അവസാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:'മഹാ'രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ; മൂന്നാമതും മുഖ്യമന്ത്രി പദം അലങ്കരിക്കുമോ ഫഡ്‌നാവിസ്?