നെഹ്റുവിന്‍റെ കുടുംബത്തിന് ഇസ്‌ലാമിക പാരമ്പര്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച്, എം ഒ മത്തായിയുടെ ആത്മകഥയില്‍ (ജവഹർലാൽ നെഹ്‌റൂസ് സ്‌പെഷ്യൽ അസിസ്റ്റൻ്റ് ബിറ്റ്വീന്‍ 1946 ആന്‍റ് 1959) നിന്ന് എടുത്തത് എന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു പോസ്റ്റ് പ്രചരിക്കുന്നു. പായൽ റോത്തഗിയെ അവതരിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്.
നെഹ്‌റുവിനെക്കുറിച്ചുള്ള ഈ വിശദാംശങ്ങൾ താൻ എം ഒ മത്തായിയുടെ പുസ്‌തകത്തില്‍ നിന്ന് കണ്ടെത്തിയതായി വീഡിയോയിൽ റോത്തഗി അവകാശപ്പെടുന്നു. പോസ്റ്റിൽ പറയുന്ന പ്രസ്‌താവനകൾ മത്തായിയുടേത് തന്നെയാണോ എന്ന് പരിശോധിക്കാം.
1. 'നെഹ്‌റുവും ഇസ്ലാമിക പാരമ്പര്യവും': നെഹറുവിൻ്റെ യഥാർഥ മാതാപിതാക്കൾ മുബാറക് അലിയും തുസു റഹ്മാൻ ബായിയുമാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ മത്തായി എഴുതിയ പുസ്‌തകങ്ങളിൽ ഈ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. അവരെ കുറിച്ച് ഒന്നും പുസ്‌തകങ്ങളിൽ എഴുതിയിട്ടില്ല. 1889ൽ മോത്തിലാലിന്‍റെയും സ്വരൂപ് റാണി തുസുവിന്‍റെയും മകനായാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത് എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ വെബ്‌സൈറ്റിൽ പറയുന്നത്. നെഹ്‌റുവിൻ്റെ ആത്മകഥയിൽ 'പണ്ഡിറ്റ് മോത്തിലാൽ നെഹ്‌റു', 'സ്വരൂപ് റാണി നെഹ്‌റു' എന്നിങ്ങനെയാണ് മാതാപിതാക്കളുടെ പേരുകൾ നല്‍കിയിരിക്കുന്നത്.
നെഹ്‌റുവിൻ്റെ പൂർവികർ ഇസ്‌ലാം വിശ്വാസികളാണെന്നും മത്തായി തന്‍റെ പുസ്‌തകത്തില്‍ എഴുതിയിട്ടില്ല. മോത്തിലാലിന്‍റെ പിതാവിന്‍റെ യഥാർഥ പേര് ഗിയാസുദ്ദീൻ എന്നാണെന്നും പിന്നീട് ഗംഗാധർ നെഹ്‌റു എന്നാക്കി മാറ്റുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. പക്ഷേ, നെഹ്‌റുവിൻ്റെ കുടുംബപരമ്പരയിൽ 'നെഹ്‌റു' (നഹർ, കനാലിൽ നിന്ന്) എന്ന പേര് ചേർത്തത് അദ്ദേഹത്തിൻ്റെ പൂർവ്വികനായ രാജ് കൗളാണ് മുത്തച്ഛനല്ല എന്ന് നെഹ്‌റു തന്നെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. രാജ് കൗളും മുസ്‌ലിമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജവഹർലാൽ നെഹ്‌റുവിൻ്റെ മുത്തച്ഛൻ്റെ പേര് 'പണ്ഡിറ്റ് ഗംഗാധർ നെഹ്‌റു' എന്നാണ്.
1857ലെ കലാപത്തിന് ശേഷം നെഹ്‌റുവിൻ്റെ കുടുംബം കശ്‌മീരിലേക്ക് കുടിയേറിയെന്ന് പോസ്റ്റിൽ പറയുന്നു. ഈ കുടിയേറ്റത്തെക്കുറിച്ച് മത്തായി ഒന്നും തന്നെ എഴുതിയിട്ടില്ല. നെഹ്‌റുവിൻ്റെ ആത്മകഥയിൽ, 1857ലെ കലാപത്തിനു ശേഷം അദ്ദേഹത്തിൻ്റെ കുടുംബം കശ്‌മീരിലേക്കല്ല, ആഗ്രയിലേക്കാണ് കുടിയേറിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2. 'ഫിറോസ് ഗാന്ധി മുസ്‌ലിമായിരുന്നു': ‘റെമിനിസെൻസ് ഓഫ് നെഹ്‌റു ഏജ്’ എന്ന പുസ്‌തകത്തിൻ്റെ 17ാം അധ്യായത്തിൽ മത്തായി ഫിറോസ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത് ‘അലഹബാദിലെ ഒരു പാഴ്‌സി വ്യാപാരിയുടെ മകൻ’ എന്നാണ്. തൻ്റെ പുസ്‌തകങ്ങളിൽ മറ്റൊരിടത്തും അദ്ദേഹം ഫിറോസ് ഗാന്ധിയെ മുസ്‌ലിമാണെന്ന് വിശേഷിപ്പിച്ചിട്ടില്ല. ഇന്ദിരാഗാന്ധിയുടെ മക്കളുടെ മുസ്‌ലിം പേരുകളെക്കുറിച്ചും മത്തായി ഒന്നും എഴുതിയിട്ടില്ല.
3. മോത്തിലാൽ നെഹ്‌റുവിൻ്റെ മക്കളാണ് മുഹമ്മദ് അലി ജിന്നയും ഷെയ്ഖ് അബ്‌ദുള്ളയുമെന്ന് പോസ്റ്റില്‍:
മോത്തിലാലിൻ്റെ നാലാമത്തെ ഭാര്യയിൽ മുഹമ്മദ് അലി ജിന്നയും അഞ്ചാമത്തെ ഭാര്യയിൽ ഷെയ്ഖ് അബ്‌ദുള്ളയും ജനിച്ചതായി പോസ്റ്റിൽ പറയുന്നുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങളൊന്നും മത്തായിയുടെ പുസ്‌തകങ്ങളിൽ പരാമർശിച്ചിട്ടില്ല. മോത്തിലാലിൻ്റെയും ജിന്നയുടെയും ജനന തീയതി പരിശോധിച്ചാൽ, 1876ൽ ജിന്ന ജനിക്കുമ്പോൾ മോത്തിലാലിന് 15 വയസ് മാത്രമായിരുന്നുവെന്ന് മനസിലാക്കാനാകും.
എന്നാൽ മോത്തിലാലിൻ്റെ നാലാമത്തെ ഭാര്യയിലാണ് ജിന്ന ജനിച്ചതെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് തന്നെ വിവരങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നു. ജിന്നയുടെ പിതാവിൻ്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോള്‍, ജിന്നയുടെ പിതാവ് ജിന്നഭായി പൂഞ്ചയാണെന്ന് പാകിസ്ഥാൻ സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കാണ്ടെത്താനായി. അതിനാൽ, ഈ അവകാശവാദങ്ങളും ശരിയല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പോസ്റ്റിലെ അവകാശവാദങ്ങളൊന്നും മത്തായിയുടെ പുസ്‌തകങ്ങളിൽ കാണാനാകില്ല. ചുരുക്കത്തിൽ, എം ഒ മത്തായി തൻ്റെ പുസ്‌തകങ്ങളിൽ നെഹ്‌റു കുടുംബത്തെക്കുറിച്ച് അത്തരം പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല എന്ന് വ്യക്തം.
Also Read: ഇനിയും പോസ്റ്റര്‍ വരും, അടുത്തതിൽ നെഹ്‌റുവുണ്ട് ; വിശദീകരണവുമായി ഐസിഎച്ച്ആർ