ചെന്നൈ: തന്‍റെ മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെറ്റായി ആരോപിച്ച അമ്മയ്ക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റക്കാരിയായ യുവതിയ്ക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 6000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട് (Fabricating Sexual Assault Allegations Against Father).
ആറ് വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. നഴ്‌സായി ജോലി ചെയ്‌തിരുന്ന യുവതി ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. യുവതി സമര്‍പ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളിലെയും മറ്റ് തെളിവുകളിലെയും പൊരുത്തക്കേടുകൾ പരിശോധയില്‍ തെളിഞ്ഞതോടെയാണ് ആരോപണം വ്യാജമെന്ന് അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയായ പിതാവ് ജാമ്യാപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസിൽ നാടകീയമായ വഴിത്തിരിവുണ്ടായത്.
പിതാവിനെതിരെയുള്ള ആരോപണം തെറ്റാണെന്ന മകളുടെ മൊഴിയും നിരപരാധിത്വം സ്ഥിരീകരിക്കുന്ന മറ്റ് നിർണായക തെളിവുകളും യുവതിയുടെ വഞ്ചന തുറന്നുകാട്ടുകയായിരുന്നു. ഭർത്താവിനോടുള്ള പ്രതികാര നടപടിയായാണ് യുവതി ഈ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് പൊലീസ് അറിയിച്ചു.