ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇഡിയെ അറിയിച്ചു. മാര്‍ച്ച് 12ന് ശേഷമുള്ള ഏതെങ്കിലും ദിവസമേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കൂവെന്നും അദ്ദേഹം ഇഡി സമന്‍സിന് മറുപടി നല്‍കി.
കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. കേസില്‍ നേരത്തെ അയച്ച സമന്‍സുകള്‍ക്ക്, കേസ് കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്നത് വരെ ഇഡി കാത്തിരിക്കണമെന്നും പറഞ്ഞാണ് സമന്‍സ് തള്ളിയത്. അതേസമയം ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് അരവിന്ദ് കെജ്‌രിവാളിന്‍റെയും എഎപിയുടെയും വാദം.
പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. കേസില്‍ നേരത്തെ ഇഡി അയച്ച സമന്‍സുകളില്‍ പൂര്‍ണ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ഇതിനിടെയാണ് ഇഡി സമന്‍സ് അയച്ചതെന്നും അതാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വാദം.