ശ്രീനഗര്‍: കശ്‌മീരിലെ കുപ്‌വാരയിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണ രേഖ (എൽഒസി) മറികടക്കാൻ ശ്രമിച്ച ഭീകരര്‍ക്ക് നേരെ സേന വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിന് കാരണമായത്. സേന വെടിയുതിര്‍ത്തതോടെ തീവ്രവാദികള്‍ തിരിച്ചും ആക്രമിക്കുകയായിരുന്നു.
ഇന്ന് (ജൂലൈ 18) രാവിലെയാണ് സംഭവം. മേഖലയില്‍ സേന കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്‌ച (ജൂലൈ 15) കേരൻ സെക്‌ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്‌തു. കൂടാതെ കഴിഞ്ഞ ഏതാനും ആഴ്ച്ചകളിൽ ജമ്മു പ്രവിശ്യയിൽ നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.
തീവ്രവാദികളുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ നിരവധി സൈനികർക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണ്. ജമ്മു പ്രവിശ്യയിലെ അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവയ്ക്ക് പുറമെ ദോഡ ജില്ലയിലും തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.
Also Read : നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം - Three infiltrartors killed