ഛത്തീസ്‌ഗഡ് : നാരായണ്‍പൂരില്‍ സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും എട്ട് നക്‌സലൈറ്റുകളും കൊല്ലപ്പെട്ടു. നക്‌സലൈറ്റ് സംഘത്തിന്‍റെ വെടിയേറ്റാണ് ഉദ്യോഗസ്ഥന്‍ മരിച്ചത്. ഏറ്റുമുട്ടലില്‍ വേറൊരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
അബുജ്‌മദ് വനത്തിൽ ഇന്ന് (ജൂണ്‍ 15) രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നിവിടങ്ങളിലാണ് സുരക്ഷാസേന നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
നാല് ജില്ലകളിൽ നിന്നുള്ള റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് റായ്‌പൂര്‍ പൊലീസ് അറിയിച്ചു.