ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 16 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പോളിങ്ങ് വൈകുന്നേരം ആറിനാണ് അവസാനിക്കുക.
ഒന്നാംഘട്ട വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ദ്രുതഗതിയിലാണ് പലയിടങ്ങളിലും വോട്ടിങ് പുരോഗമിക്കുന്നത്. രാവിലെ മുതല്‍ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ പ്രകടമാണ്. ഈ സാഹചര്യത്തില്‍ പല പ്രമുഖരും രാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.
39 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവര്‍ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരങ്ങളായ രജനികാന്ത്, കമല്‍ ഹാസൻ, വിജയ്, സൂര്യ, കാര്‍ത്തി, വിക്രം, അജിത്, ധനുഷ്, തൃഷ കൃഷ്‌ണൻ, വിജയ് സേതുപതി, യോഗി ബാബു മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ എന്നിവരും സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എൻ രവി ഭാര്യയ്‌ക്കൊപ്പം ചെന്നൈയിലെ പോളിങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്‌പൂരിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൻസിപി നേതാവ് പ്രഫുല്‍ പട്ടേലും മഹാരാഷ്‌ട്രയില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.