ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. 2019ന് ശേഷമുള്ള ഇലക്‌ടറല്‍ ബോണ്ടുകളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി സമര്‍പ്പിച്ചത്. ഇലക്‌ടറല്‍ ബോണ്ടുകളെ സംബന്ധിച്ചുള്ള വിവരം കൈമാറാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചതോടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കോടതി നിര്‍ദേശം അനുസരിച്ചില്ലെന്നും ഹര്‍ജിയില്‍ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എസ്‌ബിഐയും കോടതിയെ സമീപിച്ചു. അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹർജി സമര്‍പ്പിച്ചത്. ഇലക്‌ടറല്‍ ബോണ്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെയാണ് എസ്‌ബിഐ സമയം ആവശ്യപ്പെട്ടിട്ടുള്ളത്. ഇരുപക്ഷത്തിന്‍റെയും ഹര്‍ജികള്‍ കോടതി തിങ്കളാഴ്‌ച പരിഗണിക്കും.