ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളെക്കുറിച്ച് കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎമ്മുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ സമയത്ത് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ എങ്ങനെ 99 ശതമാനം ചാർജ് വന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് 20 നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഫരീദാബാദ്, പാനിപത്ത്, നർലൗൾ, കർനാൽ, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20 മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളിൽ ബിജെപിക്കാണ് കൂടുതൽ വോട്ട് ലഭിച്ചത്. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയണമെന്ന് മുൻ കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര രാജ്യസഭ എംപി കൂടിയായ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.
'ഇവിഎമ്മുകളെക്കുറിച്ച് കോൺഗ്രസ് നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് തെളിവുകളും നൽകുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു വിശദീകരണം നൽകണം. ഇവിഎമ്മുകളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു, അത് എത്രത്തോളം സംഭവിക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല.' എന്ന് കപില്‍ സിബല്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാൻ 2 മണിക്കൂറോളം വൈകിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് ആദ്യം പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൂടുതല്‍ പരാതികള്‍ നല്‍കിയത്.
ഒക്ടോബർ 8നായിരുന്നു ജമ്മു കശ്‌മീര്‍-ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി ഹരിയാനയില്‍ അധികാരത്തിലെത്തിയിരുന്നു. 37 സീറ്റാണ് കോൺഗ്രസ് നേടിയത്. ഫലപ്രഖ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് വൻ മുന്നേറ്റം കാഴ്‌ചവച്ചിരുന്നു. എന്നാല്‍ പിന്നീട് ബിജെപി തിരിച്ചുവരുന്ന കാഴ്‌ചയാണ് കണ്ടത്. ഇതിനുപിന്നാലെയാണ് അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.