അഹമ്മദാബാദ് : ഗുജറാത്തില്‍ കനത്ത മഴയില്‍ മൂന്ന് നില കെട്ടിടം ഇടിഞ്ഞുവീണ് വയോധികയും രണ്ട് കൊച്ചുമക്കളും മരിച്ചു. ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. കേശർബെൻ കഞ്ചാരിയ (65), പ്രീതിബെൻ കഞ്ചാരിയ (15), പായൽബെൻ കഞ്ചാരിയ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അര്‍ധ രാത്രി വരെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ മൂവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു.
അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് അഞ്ച് പേരെ നാട്ടുകാർ ചേര്‍ന്ന് രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകളും നദികളും കവിഞ്ഞൊഴുകുകയാണ്.
സൂറത്ത് ജില്ലയിലെ ഉമർപദ താലൂക്കിൽ 24 മണിക്കൂറില്‍ 276 മില്ലിമീറ്റർ മഴ ലഭിച്ചു. കനത്ത മഴയിൽ നവസാരി, ജുനഗഡ്, ദേവഭൂമി ദ്വാരക, കച്ച്, ഡാങ്‌സ്, താപി ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ദുരിതബാധിത പ്രദേശങ്ങളിലെ ജില്ല ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകി.