മുംബൈ : ശരദ് പവാറിനന്‍റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും. ശനിയാഴ്‌ച (02-03-2024) ബാരാമതിയിൽ നടക്കുന്ന നമോ തൊഴില്‍മേളയില്‍ മൂവരും പങ്കെടുക്കുന്നുണ്ട്. പരിപാടിയിലേക്ക് ശരദ് പവാറിന് ക്ഷണമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയേയും ഉപ മുഖ്യമന്ത്രിമാരെയും ശരദ് പവാര്‍ ഗോവിന്ദ് ബാഗിലെ വസതിയിലേക്ക് ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചത്.
എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികള്‍ ഉള്ളതിനാല്‍ ഉച്ച ഭക്ഷണത്തിന് എത്താന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി അറിയിച്ചത്. രണ്ട് ഉപ മുഖ്യമന്ത്രിമാരും ഉച്ച ഭക്ഷണത്തിന് എത്തില്ലെന്ന് അറിയിച്ചു.
'ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്‌ച ബാരാമതിയിലേക്ക് വരുന്നുണ്ടെന്ന് അറിയുന്നു. പാർലമെന്‍റ് അംഗങ്ങളെന്ന നിലയിൽ ഞാനും സുപ്രിയ സുലെയും ഈ സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഞാൻ സ്ഥാപക പ്രസിഡന്‍റായ വിദ്യാനഗരിയിലെ വിദ്യാ പ്രതിഷ്‌ഠാൻ മൈതാനത്താണ് നമോ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.
സംഘടനയുടെ പ്രസിഡന്‍റ് എന്ന നിലയിൽ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. വിദ്യാനഗരിയിലെ ഗസ്റ്റ് ഹൗസിലേക്ക് വിദ്യാപ്രതിഷ്‌ഠാൻ നിങ്ങളെ ചായ സത്‌ക്കാരത്തിന് ക്ഷണിക്കുന്നു. ബാരാമതിയിലെ എന്‍റെ വസതിയായ ഗോവിന്ദ് ബാഗിൽ ഉച്ച ഭക്ഷണത്തിനും ഞാൻ നിങ്ങളെ ഫോണിലൂടെ ക്ഷണിച്ചിട്ടുണ്ട്. നമോ തൊഴില്‍ മേളയ്ക്ക് ശേഷം മറ്റ് ക്യാബിനറ്റ് അംഗങ്ങള്‍ക്കൊപ്പം ഈ ക്ഷണം സ്വീകരിക്കണം'- പവാർ തന്‍റെ ക്ഷണക്കത്തിൽ പറയുന്നു.