ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവരുമായാണ് അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയത്. വെള്ളിയാഴ്‌ച (മാര്‍ച്ച് 8) രാത്രി ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച (Maharastra CM Eknath Shinde).
ചര്‍ച്ചയ്‌ക്കായി ഉച്ചയ്‌ക്ക് 12.45ന് ഡല്‍ഹിയിലെത്തിയ ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. തുടര്‍ന്ന് രാത്രിയിലാണ് അമിത് ഷായുടെ വസതിയിലെത്തി ചര്‍ച്ചകള്‍ നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ പട്ടേല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചയായി മഹായുതി സീറ്റ് വിഭജനം: മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യത്തിന്‍റെ സീറ്റ് വിഭജനം സംബന്ധിച്ചും സംഘം ചര്‍ച്ച നടത്തി. ഭാരതീയ ജനത പാർട്ടി, ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-അജിത് പവാർ വിഭാഗം എന്നിവ ഉള്‍പ്പെടുന്നതാണ് മഹായുതി സഖ്യം. മഹായുതിയുടെ സീറ്റ് വിഭജനം സംബന്ധിച്ച് ഏറെ നേരം സംഘം ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം (Ajit Pawar Maharastra).
തര്‍ക്കം വെറും രണ്ടെണ്ണത്തില്‍: മഹാരാഷ്‌ട്രയിലെ മഹായുതി സീറ്റ് വിഭജനം ഏകദേശം ധാരണയായിട്ടുണ്ടെന്നും വെറും രണ്ട് സീറ്റുകളെ കുറിച്ച് മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. നിലവില്‍ പ്രശ്‌നം ചര്‍ച്ച ചെയ്‌ത് ഉടന്‍ പരിഹരിക്കുമെന്നും ഫഡ്‌നാവിസ് അറിയിച്ചു. 'ഞങ്ങളുടെ സഖ്യത്തിലെ 3 കക്ഷികള്‍ക്കിടയില്‍ എല്ലാം നല്ല രീതിയില്‍ നടക്കുന്നുണ്ട്. രണ്ടോ മൂന്നോ സീറ്റുകളിലാണ് തര്‍ക്കമുള്ളത്. ഇതേ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഞങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള തർക്കവുമില്ല. ഉണ്ടാകാൻ പാടില്ല. പ്രഖ്യാപനത്തിന് മുമ്പുള്ള സീറ്റ് വിഭജനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളെല്ലാം തെറ്റാണ്. എന്ത് തീരുമാനമെടുത്താലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് നിങ്ങളെ അറിയിക്കുമെന്നു'മാണ് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് (Lok Sabha Election 2024).
ലോക്‌സഭയിലേക്കുള്ള സീറ്റ് വിഭജന വിഷയത്തില്‍ ഏത് പാർട്ടിക്കും ഏത് നേതാവിനും എന്ത് ആവശ്യവും ഉന്നയിക്കാമെന്നും എന്നാൽ ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമ്പോള്‍ അത് യാഥാര്‍ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.