മാണ്ഡി (ഹിമാചൽ പ്രദേശ്): 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോപ്പുകൂട്ടുകയാണ് നടി കങ്കണ റണാവത്ത്. തന്‍റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാണ് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കങ്കണ മത്സരിക്കുന്നത്. കങ്കണയ്‌ക്കെതിരെ ഇതുവരെ രജിസ്‌റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
അപകീർത്തിക്കുറ്റം (Defamation) ഉൾപ്പടെ 8 കേസുകളാണ് ഇവർക്കെതിരെ ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബിജെപി ഹിമാചൽ പ്രദേശിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചും, തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ മാർഗനിർദേശങ്ങൾ പ്രകാരവും സ്ഥാനാർഥി സി-7 ഫോമിൽ വിവരങ്ങൾ കൈമാറേണ്ടതുണ്ട്. ഇതിന് പുറമെ രണ്ട് പത്രങ്ങളിലും ഇതിൻ്റെ പരസ്യം നൽകണം. മുംബൈയിലും മഹാരാഷ്‌ട്രയിലുമാണ് കങ്കണയ്‌ക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
കങ്കണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ വിശദാംശങ്ങൾ:
- ഗാനരചയിതാവ് ജാവേദ് അക്തറും കങ്കണ റണാവത്തും തമ്മിലുള്ള തർക്കം ഏറെ ചർച്ചയായതാണ്. ഈ വിഷയത്തിൽ, മുംബൈയിലെ അന്ധേരിയിൽ ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു.
- മണികർണിക റിട്ടേൺസ് ദി ലെജൻഡ് ദിദ്ദ' എന്ന സിനിമയുടെ കഥ മോഷ്‌ടിച്ചു എന്നാണ് ഈ കേസ്. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി എഴുത്തുകാരൻ ആശിഷ് കൗൾ ആണ് കങ്കണ റണാവത്തിനെതിരെ മുംബൈയിലെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്‌തത്.
- കാസ്‌റ്റിങ്ങ് ഡയറക്‌ടർ സാഹിൽ അഷ്‌റഫ് സയ്യിദിൻ്റെ പരാതിയെ തുടർന്ന് കങ്കണയ്‌ക്കും സഹോദരി രംഗോലിക്കുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ ബാന്ദ്ര കോടതി ഉത്തരവിട്ടിരുന്നു. കങ്കണയും സഹോദരി രംഗോലിയും സമൂഹ മാധ്യമങ്ങളിലെ പോസ്‌റ്റുകളിലൂടെ സാമുദായിക സൗഹാർദം തകർക്കാനും മഹാരാഷ്‌ട്ര സർക്കാരിൻ്റെ പേര് അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ കങ്കണയ്‌ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
- കർഷക പ്രക്ഷോഭത്തിനിടെ, കങ്കണ ഒരു വനിതാ കർഷകയായ മഹീന്ദ്ര കൗറിനെ സോഷ്യൽ മീഡിയയിൽ 'ഷഹീൻ ബാഗിൻ്റെ മുത്തശ്ശി' എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ പഞ്ചാബിലെ ഭട്ടിൻഡയിൽ കങ്കണ റണാവത്തിനെതിരെ വനിത കർഷകൻ കേസ് നൽകുകയായിരുന്നു.
- നടൻ ആദിത്യ പഞ്ചൗലിയുടെ ഭാര്യ സറീന വഹാബ് കങ്കണ റണാവത്തിനെതിരെ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.
- ഒരു അഭിമുഖത്തിൽ ആദിത്യ പഞ്ചൗലിയെ ശാരീരികമായി ഉപദ്രവിച്ചതായി കങ്കണ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ കങ്കണക്കെതിരെ ആദിത്യയും കേസ് ഫയൽ ചെയ്‌തിരുന്നു.
- കർഷക സമരത്തിനിടെ കാർഷിക നിയമങ്ങളെ എതിർക്കുന്ന കർഷകരെ സോഷ്യൽ മീഡിയയിൽ കങ്കണ വിമർശിച്ചിരുന്നു. തുടർന്ന് വംശത്തിൻ്റെയും മതത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ കങ്കണ വിദ്വേഷം പ്രചരിപ്പിക്കുന്നതായി കാണിച്ച് രമേഷ് നായക് കർണാടക ഹൈക്കോടതിയിൽ നടിക്കെതിരെ കേസ് നൽകി.
- മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതിയും കങ്കണയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Also Read: