ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ 56 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. വ്യക്തികളുടെയും, വിവിധ ട്രസ്‌റ്റുകളുടെയും കമ്പനികളുടെയും പേരിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായിരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
എന്‍ഐഎ അടക്കമുള്ള ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത വിവിധ എഫ്ഐആറുകളിൽ, പിഎഫ്ഐ ഭാരവാഹികൾ, അംഗങ്ങൾ, കേഡർമാർ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ഗൂഢാലോചന നടത്തി ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുമായി ബാങ്ക് വഴിയും ഹവാലയിലൂടെയും മറ്റും പണം സമാഹരിച്ച് അത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും, തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി പിഎഫ്ഐ സ്വരൂപിച്ച പണം കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, ജമ്മു കശ്‌മീർ, മണിപ്പൂർ എന്നിവിടങ്ങളിലെ പിഎഫ്ഐയുടെ 29 ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. പണമായോ ബാങ്ക് അക്കൗണ്ടുകളിലൂടെയോ സംഘടന സ്വീകരിച്ചത് 94 കോടി രൂപയാണെന്നും ഇഡി പ്രസ്‌താവനയില്‍ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്‍റെ യഥാർഥ ലക്ഷ്യങ്ങൾ അവരുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞതായും ഇഡി വ്യക്‌തമാക്കി.
"പിഎഫ്ഐയുടെ യഥാർഥ ലക്ഷ്യങ്ങളിൽ ജിഹാദിലൂടെ ഇന്ത്യയിൽ ഇസ്‌ലാമിക പ്രസ്ഥാനം നടത്തുന്നതിനുള്ള ഒരു സംഘടന രൂപീകരിക്കലും ഉൾപ്പെടുന്നു. എന്നിരുന്നാലും പിഎഫ്ഐ ഒരു സാമൂഹിക പ്രസ്ഥാനമായാണ് വേഷമിടുന്നത്. പിഎഫ്ഐ അഹിംസാത്മകമായ പ്രതിഷേധ രൂപങ്ങൾ ഉപയോഗിച്ചതായും അവകാശപ്പെടുന്നു. എന്നാൽ തെളിവുകൾ വെളിപ്പെടുത്തുന്നത് അവരുടെ അക്രമ സ്വഭാവമുള്ള പ്രതിഷേധ രീതികളാണെന്ന്" ഇഡി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനുമായി പിഎഫ്ഐ ഓഫിസ് ഭാരവാഹികൾ, കേഡറുമാർ, അംഗങ്ങൾ, തുടങ്ങിയവർ ഗുഢാലോചന നടത്തുകയും ഫണ്ട് സമാഹരണം നടത്തുകയും ചെയ്‌തുവെന്ന് ഇഡി പറയുന്നു. സമൂഹത്തിൽ അശാന്തിയും കലഹവും സൃഷ്‌ടിച്ച് ആഭ്യന്തര യുദ്ധത്തിന് തയ്യാറെടുക്കുന്നതിനുള്ള നടപടികളാണ് ഇവർ ഉപയോഗിക്കുന്ന ചില പ്രതിഷേധ രീതികളെന്നും ഇഡി വ്യക്തമാക്കി.
Also Read: 20 കോടി രൂപയുടെ അഴിമതിയാരോപണം; മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി