കൊൽക്കത്ത : ഭൂമി കയ്യേറ്റ കേസിൽ സസ്‌പെൻഷനിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ ഇഡി കസ്റ്റഡിയിൽ. പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ വിവിധ ഇടങ്ങളിലായി നിരവധി ഭൂമി ഷാജഹാൻ ബലമായി കൈവശപ്പെടുത്തിയതായി ഇഡി ചോദ്യം ചെയ്യലിനിടെ വ്യക്തമായി.
ചെമ്മീൻ ബിസിനസിൽ നിന്നും പലതവണ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതായും ഇഡി കണ്ടെത്തി. തുടർന്ന് ഷാജഹാനെതിരെ എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ (ECIR) ഇഡി ഫയൽ ചെയ്‌തു. റേഷൻ (പിഡിഎസ്) അഴിമതിയെ സംബന്ധിച്ച് മുൻ ബംഗാൾ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയോ മല്ലികയുടെ കത്തിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് ഒരു ഇസിഐആർ ഇഡി ഫയൽ ചെയ്‌തത്.
ചെമ്മീൻ കയറ്റുമതി ഇറക്കുമതി ബിസിനസിന്‍റെ മറവിൽ നിയമവിരുദ്ധ ഇടപാടുകൾ സംബന്ധിച്ചാണ് മറ്റൊരു ഇസിഐആർ തയ്യാറാക്കിയത്. ഇതിൽ നിർബന്ധിതമായി ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണവും നിലനിൽക്കുന്നു. ഈ കേസിലാണ് ഇന്നലെ ഷാജഹാനെ ഇ ഡി ചോദ്യം ചെയ്‌തതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.
സന്ദേശ്‌ഖാലി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനെ നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനു മുപ്പായി കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം കൊൽക്കത്ത പൊലീസിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഷെയ്ഖ് ഷാജഹാൻ്റെ കസ്റ്റഡി സിബിഐക്ക് വിട്ടു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് മുഖ്യപ്രതി ഷാജഹാനെ കസ്റ്റഡിയിൽ വാങ്ങുന്നതിനൊപ്പം സിബിഐക്ക് വിടാൻ സിഐഡിക്ക് കോടതിയലക്ഷ്യ നോട്ടിസ് അയച്ച ഹൈക്കോടതി ബുധനാഴ്‌ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയത്തിൽ സംസ്ഥാന പൊലീസ് ഒളിച്ചു കളിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. രണ്ട് മാസത്തോളം ഒളിവിലായിരുന്ന ടിഎംസി നേതാവിനെ ഫെബ്രുവരി 29 ന് പശ്ചിമ ബംഗാൾ പൊലീസ് പിടികൂടി.
Also read: സന്ദേശ്‌ഖാലി ആക്രമണം; ഒളിവിലായിരുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ