ചെന്നൈ : മുൻ ഡിഎംകെ നേതാവും സിനിമാ നിര്‍മാതാവുമായ ജാഫര്‍ സാദിഖ് ഉൾപ്പെട്ട അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ കേസ് രജിസ്റ്റർ ചെയ്‌ത് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചാണ് ഇഡിയുടെ അന്വേഷണം. ശനിയാഴ്‌ചയാണ് ജാഫർ സാദിഖിനെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബിNCB) അറസ്റ്റ് ചെയ്‌തത്. 2000 കോടി വിലവരുന്ന 3,500 കിലോഗ്രാം രാസലഹരി കടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സാദിഖിന് തമിഴ്, ഹിന്ദി സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. ചില ഉന്നതരായ ആളുകളുമായും രാഷ്‌ട്രീയ ഫണ്ടിംഗുമായി ബന്ധപ്പെട്ടവരുമായും ഇയാള്‍ക്കുള്ള ബന്ധം അന്വേഷിച്ച് വരികായണെന്ന് എൻസിബി അറിയിച്ചു.
സാദിഖ് നടത്തിയ ഏഴ് ലക്ഷം രൂപയുടെ രണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡിഎംകെ പാർട്ടിയിലെ ഒരു മുതിർന്ന പ്രവർത്തകനെ എൻസിബി ഉടൻ ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നുവന്നതിന് പിന്നാലെ തമിഴ് സിനിമ നിർമ്മാതാവ് കൂടിയായ ജാഫര്‍ സാദിഖിനെ ഫെബ്രുവരില്‍ ഡിഎംകെ പുറത്താക്കിയിരുന്നു.
ഡിഎംകെയുടെ എൻആർഐ വിഭാഗത്തിന്‍റെ ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് താനെന്ന് സാദിഖ് പറഞ്ഞതായി എൻസിബി പറയുന്നു. ഫെബ്രുവരിയിൽ ഡൽഹിയിലെ ഒരു ഗോഡൗണിൽ എന്‍സിബി നടത്തിയ റെയ്‌ഡില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസിന്‍റെ മുഖ്യ സൂത്രധാരനാണ് സാദിഖ്.
അതേസമയം സാദിഖുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രിയും ഡിഎംകെ നേതാവുമായ എസ് റെഗുപതി അറിയിച്ചു. ജാഫര്‍ സാദിഖിനെ പാർട്ടിയുമായോ നേതാക്കളുമായോ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിഎംകെ മുന്നറിയിപ്പ് നൽകി.
ഡിഎംകെ ഭരണത്തെ അപകീർത്തിപ്പെടുത്താൻ ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നിവയ്ക്കെല്ലാം ശേഷം ബിജെപി ഇപ്പോൾ എൻസിബിയെ വിന്യസിച്ചിരിക്കുകയാണെന്ന് റെഗുപതി മാധ്യമങ്ങളോട് പറഞ്ഞു. 2021-ൽ അധികാരമേറ്റതിന് ശേഷം മയക്കുമരുന്ന് കടത്തിനെതിരെ ഡിഎംകെ സർക്കാർ അതിവേഗ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് കോടതികൾ പ്രശംസിച്ചിട്ടുള്ളതാണെന്നും റെഗുപതി ഓര്‍മിപ്പിച്ചു.
അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് സാദിഖിന്‍റെ അറസ്റ്റില്‍ വാർത്താസമ്മേളനം നടത്തിയതില്‍ എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ജ്ഞാനേശ്വർ സിങ്ങിനെ റെഗുപതി വിമര്‍ശിച്ചു. ഡിഎംകെയുടെ പ്രതിച്ഛായ തകർക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടാക്കി കൊടുക്കാനുമാണ് ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐഎഡിഎംകെ ഭരണകാലത്ത് ഒരു മന്ത്രി നിരോധിത ഗുഡ്ഖ വിൽപനയ്ക്ക് കൂട്ടുനിന്നിരുന്നു. അന്ന് തെളിവുകൾ ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ ഗുട്ട്ഖ കേസിൽ നടപടിയെടുത്തില്ലെന്നും റെഗുപതി പറഞ്ഞു.ജാഫർ സാദിഖിനെ പിടികൂടാൻ ഫെബ്രുവരി 15ന് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 21-ന് ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചടങ്ങില്‍ അയാള്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ അയാളെ അറസ്റ്റ് ചെയ്യാതെ എൻസിബി അധികാരികൾ എന്താണ് ചെയ്യുകയായിരുന്നു എന്ന് റെഗുപതി ചോദിച്ചു.
2013ല്‍ സാദിഖിനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ് അന്നത്തെ എഐഎഡിഎംകെ സർക്കാരും കേന്ദ്ര ഏജൻസിയും വേണ്ട രീതിയില്‍ കൈകാര്യം ചെയ്‌തില്ല. അന്ന് സാദിഖിന് വേണ്ടി ഹാജരായത് ബിജെപിയുടെ തമിഴ്‌നാട് നിയമ വിഭാഗം തലവനായിരുന്ന അഭിഭാഷകനാണെന്നും റെഗുപതി പറഞ്ഞു. എഐഎഡിഎംകെ ഭരണകൂടമാണ് ജാഫർ സാദിഖിനെ അന്ന് രക്ഷിച്ചതെന്നും റെഗുപതി ആരോപിച്ചു.
ഡിഎംകെ പാർട്ടിക്ക് രണ്ട് കോടിയിലധികം അംഗങ്ങളുണ്ടെന്നും എല്ലാവരുടെയും ചരിത്രം പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം, പാര്‍ട്ടിയിലെ ഏതെങ്കിലുമൊരമഗം തെറ്റ് ചെയ്‌തതായി പാർട്ടിയുടെ ശ്രദ്ധയിൽപെട്ടാല്‍ ഉടനടി നടപടിയെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013ലെ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷമാണ് സാദിഖ് ഡിഎംകെയിൽ ചേരുന്നത്. പാർട്ടിയിൽ ചേരുന്ന സമയത്ത് അത്തരമൊരു കേസ് പൊതുമധ്യത്തിൽ ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ അയാളെ പുറത്താക്കിയെന്നും റെഗുപതി പറഞ്ഞു.
ഡിഎംകെയ്ക്ക് ജാഫർ സാദിഖുമായി യാതൊരു ബന്ധവുമില്ലെന്നും സാദിഖുമായി ബന്ധമുള്ളവർ എഐഎഡിഎംകെയിലും ബിജെപിയിലുമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ട് മയക്കുമരുന്ന് കടത്തിന്‍റെ ഏറ്റവും വലിയ ഹബ്ബ് ആണെന്ന് പറഞ്ഞ റെഗുപതി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കൂടുതൽ കേസുകള്‍ ഉള്ളതെന്നും ചൂണ്ടിക്കാട്ടി. തമിഴ്‌നാടിനെ മയക്കുമരുന്ന് കലർന്ന സംസ്ഥാനമായി ചിത്രീകരിക്കാൻ ബിജെപി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാദിഖിൽ നിന്ന് പാർട്ടിക്ക് ഒരു നയാ പൈസ പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എഐഎഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി ഈ വിഷയത്തിൽ ഗവർണർ ആർ എൻ രവിയെ സന്ദർശിച്ചിരുന്നു. 2013ല്‍ സാദിഖിനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസിൽ നടപടിയെടുക്കുന്നതിൽ തന്‍റെ സർക്കാർ പരാജയപ്പെട്ടെന്ന് മാത്രമേ പളനിസ്വാമിക്ക് ഗവർണറോട് പറയാനുണ്ടാകൂ എന്ന് റെഗുപതി പരിഹസിച്ചു. ഡിഎംകെ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ പി വിൽസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ജാഫര്‍ സാദിഖ് ഉള്‍പ്പെട്ട എൻസിബി കേസുമായി ഡിംഎംകെ പാർട്ടിയെയോ നേതാക്കളെയോ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഡിഎംകെ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ പി വിൽസൺ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : തമിഴ്‌നാട്ടില്‍ ഡിഎംകെ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസിന് 10 സീറ്റുകള്‍