മുംബൈ : ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിൽപ ഷെട്ടിയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 2022ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) അനുസരിച്ചാണ് നടപടി.
ഇഡി കണ്ടുകെട്ടിയവയിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ്, പൂനെയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഓഹരികൾ എന്നിവ ഉൾപ്പെടുന്നു. മുംബൈ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. അവരിൽ നിന്നും കണ്ടുകെട്ടിയിരിക്കുന്ന ഷെയറുകളുടെയോ മറ്റ് സ്വത്തുക്കളുടെയോ മൂല്യം കൃത്യമായി ഇഡി വെളിപ്പെടുത്തിയിട്ടില്ല.
നിക്ഷേപകരുടെ പണം കബളിപ്പിക്കാൻ ബിറ്റ്‌കോയിനുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് എക്‌സിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്. വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിമ്പി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് എന്നിവർക്കും ഏജൻ്റുമാർക്കും എതിരെ ഡൽഹി പൊലീസും മഹാരാഷ്ട്ര പൊലീസും ഇഡിയും എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. ബിറ്റ്‌കോയിനുകളുടെ രൂപത്തിൽ 10% പ്രതിമാസ റിട്ടേൺ നൽകുമെന്ന വ്യാജേന (2017ൽ 6,600 കോടി രൂപ വിലമതിക്കുന്ന) ഈ വ്യക്തികൾ പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
പ്രൊമോട്ടർമാർ നിക്ഷേപകരെ കബളിപ്പിച്ചതായും ഇഡി പറയുന്നു. ഉക്രെയ്‌നിൽ ഒരു ബിറ്റ്‌കോയിൻ മൈനിംഗ് ഫാം സ്ഥാപിക്കുന്നതിനായി, ഗെയിൻ ബിറ്റ്‌കോയിൻ പോൻസി സ്‌കീമിൻ്റെ ആർക്കിടെക്റ്റും വ്യവസായിയുമായ അമിത് ഭരദ്വാജിൽ നിന്ന് രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്‌കോയിനുകൾ ലഭിച്ചതായി ഇഡി പറയുന്നു. കുന്ദ്രയുടെ കൈവശം ഇപ്പോഴും 285 ബിറ്റ്‌കോയിനുകള്‍ ഉണ്ട്, അവയ്ക്ക് നിലവിൽ 150 കോടിയിലധികം വിലയുണ്ടെന്നുമാണ് ഇഡിയുടെ വാദം.
ALSO READ : ഡൽഹി മദ്യനയ കേസ്; എഎപി മന്ത്രി കൈലാഷ് ഗലോട്ട് ഇഡിക്ക് മുന്നിൽ ഹാജരായി