ബെംഗളൂരു (കർണാടക) : വാൽമീകി വികസന കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി നാഗേന്ദ്രയുടെയും എംഎൽഎ ബസനഗൗഡ ദദ്ദലിന്‍റെയും വീടുകളിൽ റെയ്‌ഡ് തുടർന്ന് ഇഡി. ഡോളേഴ്‌സ് കോളനിയിലെ രാംകി അപ്പാർട്ട്‌മെന്‍റിലെ വസതിയിൽ ക്യാമ്പ് ചെയ്‌ത ഉദ്യോഗസ്ഥർ നാഗേന്ദ്രയുടെ മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ ഡാറ്റയും മറ്റ് ഡിജിറ്റൽ തെളിവുകളും സുപ്രധാന രേഖകളും പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
മത്തികെരെയിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമയായ നാഗേന്ദ്ര, കഴിഞ്ഞ ആറ് മാസമായി പണം കൈമാറ്റം ചെയ്‌തതിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും, അത് ലഭിച്ച രേഖകളുമായി താരതമ്യം ചെയ്യുകയുമാണെണ് അധികൃതർ പറഞ്ഞു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് മുൻ മന്ത്രിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തതായാണ് വിവരം.
ഇതേ കേസിൽ നാഗേന്ദ്രയുടെ ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് പേരെ ഇഡി ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. കേസിൽ അവരുടെ പങ്ക് എന്താണെന്ന് അറിയണമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അതേസമയം ബസനഗൗഡ ദദ്ദലിന്‍റെയും അടുത്ത സഹായികളുടെയും വീടുകളിൽ റെയ്‌ഡ് നടത്തിയ ഉദ്യോഗസ്ഥർ ദദ്ദലിൻ്റെ പിഎ ആയിരുന്ന പമ്പണ്ണയെ കഴിഞ്ഞ ദിവസം റായ്ച്ചൂരിൽ വച്ച് കസ്‌റ്റഡിയിലെടുത്തിരുന്നു.
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ബെംഗളൂരു, റായ്ച്ചൂർ, ബെല്ലാരി തുടങ്ങി 18 സ്ഥലങ്ങളിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. വ്യാഴാഴ്‌ച ഹിയറിങ്ങിന് ഹാജരാകാൻ നാഗേന്ദ്രയ്ക്കും ബസനഗൗഡ ദദ്ദലിനും എസ്ഐടി ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയിരുന്നു. ഇഡി റെയ്‌ഡ് നടക്കുന്നതിനാൽ അവർക്ക് എസ്ഐടി ഹിയറിങ്ങിൽ പങ്കെടുക്കുക അസാധ്യമാണ്. അതിനാൽ, ഇഡി റെയ്‌ഡ് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ നോട്ടിസ് നൽകുന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: വാൽമീകി വികസന കോർപ്പറേഷൻ അഴിമതി; കര്‍ണാടക എംഎല്‍എമാരുടെ വീട്ടില്‍ റെയ്‌ഡ്