ഹൈദരാബാദ്: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയുടെ വീട്ടില്‍ ഇഡിയും ആദായ നികുതി വകുപ്പും പരിശോധന നടത്തി. ഇഡി ജോയിന്‍റ് ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ബെഞ്ചാര ഹില്‍സിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. റെയ്‌ഡ് നടക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
റെയ്‌ഡിനോട് അനുബന്ധിച്ച് വീട്ടിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. കേസില്‍ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുള്ള നോട്ടിസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കവിത സിബിഐയെ സമീപിച്ചിരുന്നു. സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് കവിത ആവശ്യവുമായെത്തിയത്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് റദ്ദാക്കണമെന്നായിരുന്നു കവിതയുടെ ആവശ്യം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയ്‌ക്കെതിരെയുള്ള കേസ് ബിആര്‍എസിനെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെസിആറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ രേവന്ത് റെഡ്ഡി അധികാരത്തിലേറിയത് തന്നെ ബിആര്‍എസിന് വന്‍ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തെലങ്കാനയില്‍ ഏറെ നിര്‍ണായകമാകും.