ന്യൂഡല്‍ഹി : അറസ്റ്റ് ചെയ്‌ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി പ്രത്യേക കോടതിയില്‍ ഹാജരാക്കും (ED produce Arvind Kejriwal before special court). ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കുക. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഇഡി ഇന്നലെ (മാര്‍ച്ച് 21) കെജ്‌രിവാളിന്‍റെ വസതിയില്‍ എത്തിയിരുന്നു.
കേസില്‍ ഡല്‍ഹി കോടതിയില്‍ നിന്ന് ഇടക്കാല സംരക്ഷണം നേടാന്‍ ആം ആദ്‌മി പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന് സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിനെ ഇഡി ആസ്ഥാനത്ത് എത്തിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരികയും ചെയ്‌ത സാഹചര്യത്തില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത് ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കെജ്‌രിവാളിന് പിന്തുണ അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചു.
ഡല്‍ഹിയില്‍ വലിയ പ്രതിഷേധ പരിപാടികള്‍ക്കാണ് ആം ആദ്‌മി പാര്‍ട്ടി ആഹ്വാനം ചെയ്‌തത്. ഇതിനിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കെജ്‌രിവാളിന് എല്ലാ നിയമ സഹായവും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്.