ന്യൂഡല്‍ഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍ (ED Case Against Arvind Kejriwal). രണ്ടുവര്‍ഷമായി ഇഡി നിരന്തരം റെയ്‌ഡുകള്‍ നടത്തുകയാണ്. എന്നാല്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിന്‍, സഞ്ജയ് സിങ് തുടങ്ങിയവരുടെ വസതികളില്‍ റെയ്‌ഡ് നടത്തി. അടുത്തിടെ ഞങ്ങളുടെ വീട്ടിലും ഇഡി പരിശോധന നടത്തി. കേവലം 73,000 രൂപയാണ് കണ്ടെത്താനായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു (Sunita Kejriwal).
ഇഡി കസ്റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ വെള്ളപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ജലവിഭവമന്ത്രി അതിഷിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത് കൊണ്ടാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളോട് നീരസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
ഡല്‍ഹിയെ ഇങ്ങനെ നശിപ്പിക്കണോ എന്നും സുനിത ചോദിച്ചു. ഇവിടുത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കണോ?. അരവിന്ദ് കെജ്‌രിവാള്‍ ഇതൊക്കെ ഓര്‍ത്ത് സങ്കടത്തിലാണ്. കെജ്‌രിവാള്‍ വളരെ കരുത്തനും വിശ്വസ്‌തനായ വ്യക്തിയുമാണ് (liquor scam).
അരവിന്ദ് നാളെ എല്ലാം കോടതിയില്‍ വെളിപ്പെടുത്തും. മദ്യനയ അഴിമതിയിലെ പണം എവിടെയാണെന്ന് തെളിവുകള്‍ സഹിതം പുറത്തുവിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്‌മി ദേശീയ കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് ഈ മാസം 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.