ബെംഗളൂരു : കർണാടകയിലെ രാമേശ്വരം കഫേയിൽ ഇന്നുണ്ടായ ഐഇഡി (ഇമ്പ്രോവൈസ്‌സ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഫയർഫോഴ്‌സും ബെംഗളൂരു പൊലീസും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടർന്നുകയാണ്.
കുന്ദനഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വലിയ തീപിടുത്തമാണ് ഉണ്ടായത്. നഗരത്തിലെ തിരക്കേറിയ പ്രമുഖ ഭക്ഷണശാലയാണ് രാമേശ്വരം കഫേ. പ്രദേശത്തെ തൊഴിലാളികളും ജീവനക്കാരും ഉച്ചഭക്ഷണം കഴിക്കാനെത്തിയ സമയത്താണ് സ്ഫോടനമുണ്ടായത്.
രാമേശ്വരം കഫേയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതായി വിവരം ലഭിച്ചയുടൻ തന്നെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സ്ഫോടന കാരണം സിലിണ്ടർ പൊട്ടിത്തെറിച്ചാതാണെന്നാണ് പ്രാഥമിക നിഗമനം.
'ഇതൊരു ചെറിയ സ്ഫോടനമാണെന്നും, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെ'ന്നും പൊലീസ് വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസിയും സ്ഥലം സന്ദർശിക്കും. പൊലീസ് സ്‌നിഫർ ഡോഗ് ടീമും ഫോറൻസിക് വിദഗ്‌ധരും അന്വേഷണ സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അതേസമയം സ്ഫോടനത്തെ തുടർന്ന് കഫേയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കഫെയിൽ എത്തിയ ഒരാൾ ബാഗ് ഉപേക്ഷിച്ചു പോയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.