റാഞ്ചി (ജാർഖണ്ഡ്): ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ആലംഗീർ ആലമിന്‍റെ പേഴ്‌സണൽ സെക്രട്ടറിയെയും അദ്ദേഹത്തിന്‍റെ വീട്ടുസഹായിയെയും എൻഫോഴ്‌സ്മെന്‍റ് മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. വീട്ടുസഹായിയുടെ വീട്ടിൽ നിന്ന് 36.23 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരുടെ നടപടി. മന്ത്രിയുടെ പിഎ സഞ്ജീവ് ലാൽ, അദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരൻ ജഹാംഗീർ ആലം എന്നിവരെയാണ് ഇഡി അറസ്‌റ്റ് ചെയ്‌തത്.
ഇരുവരെയും ഇന്നലെ രാത്രിയിൽ ഇഡി ചോദ്യം ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ വകുപ്പുകൾ പ്രകാരമാണ് അറസ്‌റ്റ്. അറസ്‌റ്റിന് ശേഷം, ഇരുവരെയും പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. ആറ് ദിവസത്തേക്ക് ഇഡി റിമാൻഡിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
ഇന്നലെ നടത്തിയ റെയ്‌ഡിന്‍റെ തുടർച്ചയായി ചൊവ്വാഴ്‌ച ജാർഖണ്ഡിലെ റാഞ്ചിയിലെ അഞ്ച് സ്ഥലങ്ങളിൽ ഇഡി തെരച്ചിൽ നടത്തി. തെരച്ചിലിൽ രാജീവ് കുമാർ സിംഗ് എന്ന കരാറുകാരനിൽ നിന്ന് ഒന്നര കോടിയോളം രൂപ പിടിച്ചെടുത്തു. നേരത്തെ, ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ വീരേന്ദ്ര കെ റാമിനെതിരായ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മെയ് 6-ന് ഇഡി റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു.
ചില പദ്ധതികൾ നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 ഫെബ്രുവരിയിൽ ഇഡി ഇയാളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. 2023 ഫെബ്രുവരി 21 ന് റാഞ്ചി, ജംഷഡ്‌പൂർ, ജാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലെ മറ്റ് ചില സ്ഥലങ്ങളിൽ ഒന്നിലധികം റെയ്‌ഡ് നടത്തിയതിന് ശേഷമാണ് ചീഫ് എഞ്ചിനിയറെ ഇഡി പിടികൂടിയത്. തിങ്കളാഴ്‌ച രാവിലെ, സഞ്ജീവ് ലാലിന്‍റെയും വീട്ടുജോലിക്കാരനായ അലംഗീർ ആലത്തിന്‍റെയും റാഞ്ചിയിലെ സ്ഥലങ്ങളിൽ ഇഡി റെയ്‌ഡ് നടത്തി ഇതുവരെ 35.23 കോടി രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു.