ന്യൂഡൽഹി : ലോക്‌സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത് (EC To Announce Lok Sabha, State Assembly Polls). അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നിവയാണ് ഏപ്രിൽ/മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പാനൽ ചർച്ച നടത്തിയാണ് തീയതികൾ നാളെ പ്രഖ്യാപിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി കമ്മിഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയിരുന്നു. ജമ്മു കശ്‌മീർ പര്യടനത്തോടെയാണ് ഇത് അവസാനിച്ചത്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിന് മുൻപ് പുതിയ സഭ നിലവില്‍ വരണം.
അതേസമയം കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് മാർച്ച് 10 ന് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. മെയ് 23 നായിരുന്നു വോട്ടുകൾ എണ്ണിയത്. അതേസമയം പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ കമ്മിഷന്‍ വ്യാഴാഴ്‌ച പ്രഖ്യാപിക്കുമെന്ന് വിവരങ്ങളുണ്ടായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്‍റെ രാജിയോടെ പദ്ധതികള്‍ തകിടം മറിഞ്ഞു.
ബിജെപി, കോൺഗ്രസ്, തൃണമൃൽ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം ഇലക്‌ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വ്യാഴാഴ്‌ച രാത്രി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചിരുന്നു. അതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല സമിതി, പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായി ഗ്യാനേഷ് കുമാറിന്‍റെയും സുഖ്ബീർ സിങ് സന്ധുവിന്‍റെയും പേരുകൾ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്‌ച ഇരുവരും ന്യൂഡൽഹിയിലെ ഇസിഐ ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി ചുമതലയേറ്റു. തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്നും സുരക്ഷ ഉൾപ്പടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.