ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡി നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മഷന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ബിആര്‍എസ് പ്രസിഡന്‍റ് കെ ചന്ദ്രശേഖര റാവു. കഴിഞ്ഞ ദിവസം കെസിആറിനെ 48 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കമ്മിഷന്‍ വിലക്കിയിരുന്നു.
ലക്ഷക്കണക്കിന് ബിആര്‍എസ് പ്രവര്‍ത്തകര്‍ അവിശ്രമം 96 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും മെഹബൂബാബാദ് ലോക്‌സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ യാതൊരു നടപടികളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊള്ളുന്നില്ലെന്നും കെസിആര്‍ ചൂണ്ടിക്കാട്ടി.
നിങ്ങള്‍ക്ക് അദ്ദേഹത്തെ താത്കാലികമായി വിലക്കാനായേക്കും. പക്ഷേ തെലങ്കാന അറിയേണ്ട സത്യങ്ങളെ കൊല്ലാനാകില്ലെന്ന് ചന്ദ്രശേഖര റാവുവിന്‍റെ മകനും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റുമായ കെ ടി രാമറാവു എക്‌സില്‍ കുറിച്ചു. നിങ്ങളെ പേടിച്ച് കടുത്ത സത്യം പറയാന്‍ മടിക്കുന്നവര്‍ വലിയൊരു നുണയിലാണ് ജീവിക്കുന്നത്, ജയ് തെലങ്കാന എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Also Read: കെസിആറിന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്; നടപടി കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന്
കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കെസിആറിന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ അഞ്ചിന് സിര്‍സില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തും വിധമുള്ള പരാമര്‍ശങ്ങള്‍ കെസിആറിന്‍റെ ഭാഗത്തുനിന്നുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കെസിആറിന്‍റെ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.